പത്തനംതിട്ട
പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി വിജയിച്ചത് കള്ളവോട്ട് കൊണ്ട‍്. ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭാ ചെയർമാനുമായ എ സുരേഷ്‌കുമാർ തന്നെ ഇക്കാര്യം പരസ്യമായി അവകാശപ്പെട്ടു.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിരവധി തവണ ആക്രമണത്തിനും ശ്രമിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ പൊലീസുമായി ബോധപൂർവം സംഘർഷത്തിനും ശ്രമിച്ചു. വോട്ടെടുപ്പ് കേന്ദ്രമായ പത്തനംതിട്ട കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ഡിസിസി ഓഫീസ് കേന്ദ്രീകരിച്ചാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും സുരേഷിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമായി.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആക്രമികൾ തങ്ങളുടെ നിർദ്ദേശമനുസരിച്ച് തന്നെയാണ് തെരഞ്ഞെടുപ്പ് ദിവസം അക്രമം നടത്തിയതെന്ന് സുരേഷ് കുമാർ പത്തനംതിട്ടയിൽ പൊതുയോഗത്തിൽ പറഞ്ഞു.
കള്ളവോട്ട് ചെയ്യേണ്ടതെങ്ങനെയെന്ന് ഞങ്ങളെ ആരും പഠിപ്പിക്കേണ്ടെന്നും അത് കൃത്യമായി ചെയ്തുകൊണ്ടു തന്നെയാണ് ഞങ്ങളുടെ വിജയമെന്നും സുരേഷ് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ദിവസം ഇടതുപക്ഷ പ്രവർത്തകരെ ആക്രമിക്കണമെന്നും വോട്ടെടുപ്പ് കേന്ദ്രത്തിനകത്ത് അക്രമം നടത്തണമെങ്കിൽ അതും നടത്തിയെ തിരിച്ചു വരാവു എന്ന് യൂത്ത് കോൺഗ്രസുകാരോട് പറഞ്ഞിരുന്നു. അത്തരത്തിൽ പ്രവർത്തകരെ കച്ചകെട്ടി നിർത്തിയിരുന്നുവെന്നും ഡിസിസി വൈസ് പ്രസിഡന്റ് പൊതുയോഗത്തിൽ പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്‍മാനെയും സ്ഥലം എംഎല്‍എ കൂടിയായ ആരോഗ്യ മന്ത്രിയെയും അസഭ്യം പറഞ്ഞായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.
ബാങ്ക് രൂപീകരിച്ച നാൾ മുതൽ കോൺഗ്രസ് നേതൃത്വത്തിലായിരുന്നു ഇവിടെ ഭരണം. ഇരുപത് വർഷത്തിലേറെയായി കോൺഗ്രസ് ഭരണത്തിലൂടെ ബാങ്ക് വൻ നഷ്ടത്തിലുമായി. സാധാരണ ക്രയവിക്രയം പോലും സ്തംഭനത്തിലായ നിലയാണ്. എന്നിട്ടും കോൺഗ്രസില്‍ സ്ഥാനാർഥിത്വത്തിന് വാശിയേറിയ പിടിവലിയായിരുന്നു. വിവിധ തസ്തികകളിലേക്കുള്ള നിയമനം ലക്ഷ്യമിട്ടായിരുന്നു പിടിവലി. ലക്ഷങ്ങളാണ് ഇപ്പോഴെ ഓരോ തസ്തികയിലേക്കും വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ ലേലം വിളിക്കുന്നത്.
ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീനായിരുന്നു നേരത്തെ പ്രസിഡന്റ്. ബാങ്കിന്റെ തകർച്ച മനസ്സിലാക്കിയ ഷംസുദ്ദീൻ ഇത്തവണ മത്സരരംഗത്തേക്ക് വന്നതുമില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..