26 May Tuesday
ആരും പുറത്തിറങ്ങേണ്ട

കൈത്താങ്ങായി എംഎൽഎയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

കോന്നി കുളത്തുങ്കലിൽ കൈത്താങ്ങ്‌ വളണ്ടിയർമാർ അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നു

 കോന്നി 

കോന്നി മണ്ഡലത്തിൽ ജനങ്ങൾ അവശ്യ സാധനങ്ങളും മരുന്നും വാങ്ങാൻ പുറത്തിറങ്ങുന്നത്‌ ഒഴിവാക്കാൻ പൊതുജന സഹായ കേന്ദ്രവുമായി അഡ്വ. കെ യു ജനീഷ്‌കുമാർ എംഎൽഎ. 'കൈത്താങ്ങ് ' എന്നപേരിലാണ്‌ എംഎൽഎ ഓഫീസ് കേന്ദ്രമാക്കി സഹായകേന്ദ്രം തുറന്നത്‌. വ്യാഴാഴ്‌ച രാവിലെ 10 മുതൽ പ്രവർത്തനം തുടങ്ങി. 
മണ്ഡലത്തിലെ താമസക്കാർക്ക്‌ 24 മണിക്കൂറും  അവശ്യസാധനങ്ങളും മരുന്നുകളും പാകം ചെയ്ത ഭക്ഷണവും വാങ്ങി എത്തിക്കാൻ സഹായ കേന്ദ്രത്തിലേക്ക് ഫോണിൽ ബന്ധപ്പെടാം. ആവശ്യം അറിയിച്ച്‌ ഒരു മണിക്കൂറിനകം വീട്ടിലെത്തിക്കും. മണ്ഡലത്തിലെ 11 പഞ്ചായത്തിലും സഹായം ലഭ്യമാകും. സാധനങ്ങളുമായി വളണ്ടിയർമാർ വീടുകളിലെത്തി ഏൽപിച്ച്‌, ബിൽ നൽകും. ബിൽ തുക മാത്രം വളണ്ടിയർമാരെ ഏൽപിക്കണം. ഇവർ ആരോഗ്യ വകുപ്പിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചു മാത്രമേ വീട്ടിലെത്തുകയുള്ളൂ. 
സഹായ കേന്ദ്രത്തിന്റെ സേവനം ജനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് എംഎൽഎ അഭ്യർഥിച്ചു. മരുന്നിന്റെ ഡോക്ടർ നൽകിയിട്ടുള്ള പ്രിസ്ക്രിപ്ഷൻ വാട്സ്ആപ്പ് വഴി നൽകണം. അങ്ങനെ ലഭ്യമാക്കുന്ന ആളുകൾക്ക് മാത്രമേ മരുന്ന്‌ എത്തിക്കാനാവൂ. എംഎൽഎയുടെ കൈത്താങ്ങ് പദ്ധതിക്ക്‌ വ്യാപാരി സംഘടനകൾ പൂർണപിന്തുണ പ്രഖ്യാപിച്ചു. സഹായം ദുരുപയോഗം ചെയ്‌താൽ പൊലീസ്‌ കർശന നടപടി സ്വീകരിക്കും. ആദ്യ ദിവസമായ വ്യാഴാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട്‌ 4 വരെ 267 ആളുകളാണ് ഫോണിൽ ആവശ്യങ്ങളുമായി വിളിച്ചത്. ക്ഷേത്രത്തിന്‌ പൂമാല മുതൽ വിവിധ ആളുകൾക്ക്‌ മരുന്നും ഭക്ഷണവും വരെ എത്തിച്ചുനൽകി. കൂടൽ ദേവീക്ഷേത്രം ഭാരവാഹികൾ വിളിച്ച് ആവശ്യപ്പെട്ടത് 10 പൂമാലയാണ്. വളണ്ടിയർമാർ അതും ക്ഷേത്രത്തിൽ എത്തിച്ചു നല്കി. ഉച്ചഭക്ഷണം ആവശ്യപ്പെട്ട് ആറുപേർ വിളിച്ചു. ഉച്ചഭക്ഷണം വേണ്ടവർ രാവിലെ അറിയിക്കണമെന്ന്‌ എംഎൽഎ ഓഫീസ്‌ അറിയിച്ചു. സേവന സന്നദ്ധരായ അഞ്ച്‌ യുവാക്കളെ വീതമാണ് ഓരോ പഞ്ചായത്തിലും ചുമതലപ്പെടുത്തിയിട്ടുള്ളത്‌. നീതി മെഡിക്കൽ സ്‌റ്റോറിൽനിന്നും വിവിധ ആശുപത്രികളിൽനിന്നും മരുന്ന്‌ വാങ്ങി എത്തിക്കുന്നു. 
കൈത്താങ്ങ് - ഫോൺ നമ്പറുകൾ: 0468-2343330, 9447354955, 9020255044.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top