17 January Sunday
ഡിസിസിയുടെ മുന്നറിയിപ്പിനും പുല്ലുവില

റിബൽ പ്രളയം

വെബ് ഡെസ്‌ക്‌Updated: Thursday Nov 26, 2020

 പത്തനംതിട്ട

ഡിസിസി പ്രസിഡന്റ്‌  ‘കർശന നടപടി’ എന്ന വജ്രായുധമെടുത്തിട്ടും രക്ഷയില്ല. യുഡിഎഫിലും കോൺഗ്രസിലും റിബൽ പ്രളയം. പാർടിയിൽ നിന്ന്‌ പുറത്താക്കൽ ഉൾപ്പെടെ നടപടി ഉണ്ടാകുമെന്നും തിങ്കളാഴ്‌ചക്ക്‌ മുമ്പ്‌ റിബലുകൾ പിന്മാറണമെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ അവസാന മുന്നറിയിപ്പ്‌. എന്നാൽ നേതാക്കളടങ്ങുന്ന റിബലുകൾ അത്‌ കേട്ടതായിപോലും ഭാവിച്ചില്ല.
പത്തനംതിട്ട നഗരസഭയിൽ ഡിസിസി വൈസ്‌ പ്രൻസിഡന്റിനെതിരെ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ മത്സരിക്കുമ്പോൾ അടൂർ നഗരസഭയിൽ ബ്ലോക്ക്‌ സെക്രട്ടറിയാണ്‌ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലായത്‌. സീറ്റുകിട്ടാത്തതിൽ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ഘടക കക്ഷികൾ തന്നെ ഔദ്യോഗിക ചിഹ്നങ്ങളിൽ മത്സരിക്കുന്നതും പ്രത്യേകതയാണ്‌. ബിജെപിക്കും റിബലുകൾ കുറവല്ല.
പത്തനംതിട്ട നഗരസഭയിലെ 29‐ാം വാർഡിലാണ്‌ ഡിസിസി വൈസ്‌ പ്രസിഡന്റ്‌ അനിൽ തോമസ്‌ മത്സരിക്കുന്നത്‌. ഇവിടെയാണ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റും മൻ നഗരസഭാ വൈസ്‌ ചെയർമാനുമായ കെ ആർ അജിത്‌കുമാർ റിബലായത്‌. പത്തനംതിട്ടയിൽ തന്നെ കേരള കോൺഗ്രസ്‌ ജോസഫിന്റെ സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത്‌ കോൺഗ്രസിന്റെ റിബലാണ്‌.  മുൻ കൗൺസിലർ സിന്ധു അനിലിനും റിബലുണ്ട്‌. ആർഎസ്‌പിക്ക്‌ നൽകിയ സീറ്റിലും കോൺഗ്രസാണ്‌ റിബൽ. ഏഴാംവാർഡിലാകട്ടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ രണ്ട്‌ കോൺഗ്രസുകാരായ  സ്ഥാനാർഥികളും മത്സര രംഗത്തുണ്ട്‌. എട്ടിടത്താണ്‌ റിബലുകൾ മത്സരിക്കുന്നത്‌.
അടൂർ നഗരസഭയിൽ 14ാം വാർഡിൽ ബ്ലോക്ക്‌ സെക്രട്ടറി അലാവുദീൻ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ റിബലാണ്‌. ഏറത്ത്‌ പഞ്ചായത്തിൽ യുഡിഎഫിലെ നിലവിലുള്ള മെമ്പർ തന്നെ റിബലായി രംഗത്തുവന്നു.
കോന്നി പഞ്ചായത്തിൽ 2, 3, 5, 7, 12 വാർഡിലും അരുവാപ്പുലം 12‐ാം വാർഡിലും റിബലുണ്ട്‌. ഇവിടെ കോൺഗ്രസ്‌ സ്ഥാനാർഥിക്കെതിരെ ആർഎസ്‌പി സ്ഥാനാർഥി അവരുടെ പാർടി ചിഹ്നത്തിലാണ്‌ മത്സരിക്കുന്നത്‌. മലയാലപ്പുഴയിൽ ചേറാടി, പൊതീപ്പാട്‌, മലയാലപ്പുഴ ടൗൺ, വെട്ടൂർ വാർഡിലും കോൺഗ്രസ്‌ റിബലുകൾ മത്സരിക്കുന്നു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ബിജെപിക്കും റിബലുണ്ട്‌. ശ്രീലേഖ, പ്രഭാരവീന്ദ്രൻ എന്നിവരാണ്‌ മത്സരരംഗത്തുള്ള ബിജെപിക്കാർ. നാരങ്ങാനം എട്ടാം വാർഡിലും ഇലന്തൂരിൽ 3, 7, 11, 12 വാർഡുകളിലും  റിബലുണ്ട്‌. മൈലപ്രയിലും മൂന്ന്‌കോൺഗ്രസ്‌ റിബലുകൾ രംഗത്തുണ്ട്‌.
കലഞ്ഞൂർ പഞ്ചായത്ത്‌ 11‐ാം വാർഡിലും ഏഴംകുളം 12‐ാം വാർഡിലും റിബലുകൾ സജീവമാണ്‌.
അതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റിബലായി മത്സരിച്ച്‌ വിജയിച്ചവർക്ക്‌ സീറ്റ്‌ നൽകിയതിനെതിരെ പ്രതിഷേധം പലയിടത്തും തുടരുന്നുണ്ട്‌. പ്രധാന പ്രവർത്തകരെയടക്കം തഴഞ്ഞാണ്‌ ഈ നടപടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top