11 December Wednesday

കൂട്ടായ പ്രവർത്തനത്തിലൂടെ 
കുറ്റമറ്റതാക്കും: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Saturday Oct 26, 2024
പന്തളം 
വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ കുറ്റമറ്റ തീർഥാടനം ഉറപ്പാക്കുമെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ശബരിമല തീർഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തിൽ ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർഥാടകർ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമില്ലെന്ന് ഉറപ്പാക്കണം. 
ഭക്ഷ്യസുരക്ഷാ, ലീഗൽ മെട്രോളജി വകുപ്പുകൾ, ആർഡിഒ എന്നിവയുടെ നേതൃത്വത്തിൽ പ്രത്യേക ടീമുകൾ രൂപീകരിച്ച്‌ ഇടത്താവളത്തിലെ ഭക്ഷണ സാധനങ്ങൾ, കുടിവെള്ളം എന്നിവ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണം. ശുചിത്വ മിഷൻ നഗരസഭയുമായി ചേർന്ന് പ്രവർത്തങ്ങൾ ആസൂത്രണം ചെയ്യണം. ലഹരി വസ്‌തകളുടെ ഉപയോഗവും വിൽപ്പനയും തടയാൻ എക്സൈസ്, പൊലീസ് വകുപ്പുകൾ പന്തളം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സംയുക്ത പരിശോധന നടത്തണം.   
തീർഥാടനത്തോടനുബന്ധിച്ച് സന്നിധാനം, പമ്പ, പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഒരുക്കങ്ങളും അവസാനഘട്ടത്തിലാണ്. പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കെട്ടിടങ്ങളുടെ പണികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ മെഡിക്കൽ സെന്ററുകൾ സ്ഥാപിക്കും. കാനനപാതയിലും മരക്കൂട്ടത്തും തീർഥാടകർക്ക് ആശ്വാസമായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചു. പാമ്പുകടിയേറ്റാൽ നൽകേണ്ട ആന്റിവെനം ലഭ്യതയും ഉറപ്പാക്കും. എല്ലാ വകുപ്പുകളും പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം.
29ന് പമ്പയിൽ അവസാനഘട്ട യോഗം ചേർന്ന ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്ന് ക്രമീകരണങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി രാജപ്പൻ, കലക്ടർ എസ് പ്രേം കൃഷ്‌ണൻ, ദേവസ്വം വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി എസ് പ്രശാന്ത്,  അംഗങ്ങളായ ജി സുന്ദരേശൻ, എ അജികുമാർ, ജില്ലാ പൊലീസ്‌ മേധാവി വി ജി വിനോദ് കുമാർ, സബ് കലക്ടർ സുമിത്ത് കുമാർ താക്കൂർ, പന്തളം നഗരസഭ അധ്യക്ഷ സുശീല സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.പന്തളം 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top