31 October Saturday

കോവിഡ്‌ വ്യാപനത്തിന്‌ വളംവച്ച്‌ ഡിസിസി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
പത്തനംതിട്ട
നാടാകെ കോവിഡ്‌ വ്യാപനം കുതിച്ചുയരുമ്പോൾ അതിന്‌ വളംവെച്ച്‌ ഡിസിസി നേതൃത്വം. ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജ്‌ സ്വയം നിരീക്ഷണത്തിൽ കഴിയാതെ ഡിസിസി ഓഫീസിൽ യോഗം വിളിച്ചു ചേർത്തു. മുതിർന്ന നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയാണ്‌ നടന്നത്‌.
 കോവിഡ്‌ സ്ഥിരീകരിച്ച യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായി കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിലെ മിക്കവർക്കും സമ്പർക്കമുള്ളതാണ്‌. പൊലീസുമായുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എം ജി കണ്ണനെ ആശുപത്രിയിലും വീട്ടിലും മിക്കവരും സന്ദർശിച്ചു. മാത്രമല്ല, സമരത്തിൽ പല നേതാക്കളും പങ്കെടുത്തിരുന്നു. ആന്റോ ആന്റണി എംപിയും ശബരിനാഥ്‌ എംഎൽഎയും ഡിസിസി പ്രസിഡന്റ്‌ ബാബു ജോർജും ഉൾപ്പെടെ നേതാക്കളുടെ വലിയ പടതന്നെ കണ്ണനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ബാബു ജോർജിനൊപ്പം നേതാക്കളായ ജോൺസൺ വിളവിനാൽ, അഡ്വ. വി ആർ സോജി എന്നിവർ ഉണ്ടായിരുന്നു. ഡിസിസി വൈസ്‌ പ്രസിഡന്റ്‌ എ സുരേഷ്‌കുമാറാണ്‌ പരിക്കേറ്റ കണ്ണനെ ആശുപത്രിയിലാക്കിയത്‌. കണ്ണന്‌ പിന്നീട്‌ കോവിഡ്‌ സ്ഥിരീകരിച്ചിട്ടും ഉത്തരവാദിത്തപ്പെട്ട ചുമതല വഹിക്കുന്നവർ ജാഗ്രത പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നു. വ്യാഴാഴ്‌ച കെപിസിസി ഭാരവാഹി കെ പി കുര്യാക്കോസിന്‌ ഡിസിസി ഓഫീസിൽ‌ സ്വീകരണം നൽകി. വെള്ളിയാഴ്‌ചയാണ്‌ ഡിസിസി ഓഫീസിൽ പ്രസിഡന്റ്‌ ബാബു ജോർജിന്റെ നേതൃത്വത്തിൽ ഉന്നത നേതാക്കളുമായി കൂടിക്കാഴ്‌ച നടന്നത്‌. യോഗത്തിൽ നേതൃനിരയിലുള്ള മിക്കവരും പങ്കെടുത്തിരുന്നു. ബാബു ജോർജ്‌ സ്വയം നിരീക്ഷണത്തിൽ കഴിയാതെ, വെള്ളിയാഴ്‌ച കൊടുമൺ പൊലീസ്‌ സ്‌റ്റേഷൻ മാർച്ച്‌ ഉദ്‌ഘാടനം ചെയ്‌തതടക്കം ജില്ലയുടെ പലപ്രദേശങ്ങളിലും കമ്മിറ്റികളിലും മറ്റും പങ്കെടുക്കുകയും ചെയ്‌തു. 
 എം ജി കണ്ണനുമായി സമ്പർക്കമുള്ള പലരും ഇതുപോലെ വിവരം മറച്ചുവച്ച്‌ പുറത്തിറങ്ങി നടക്കുകയാണ്‌. കണ്ണനോടൊത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ സമരത്തിൽ പങ്കെടുത്തവരിൽ പലരും വ്യാഴാഴ്‌ച നടന്ന കെഎസ്‌യു മാർച്ചിലും ഉണ്ടായിരുന്നു. അവരും സമ്പർക്കം മറച്ചുവച്ചിരിക്കുകയാണ്‌. കോവിഡ്‌ വ്യാപനത്തിന്റെ തീവ്രത ഓരോദിനവും ഏറിവരുന്ന സാഹചര്യത്തിൽ ഡിസിസി നേതൃത്വത്തിന്റെയും പ്രവർത്തകരുടെയും ഈ സമീപനം ജനങ്ങളിൽ ആശങ്കയുളവാക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top