07 June Sunday
കൊയ്‌ത്തും നെല്ല് സംഭരണവും

അവശ്യസർവീസാക്കണം: കർഷകസംഘം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

 പത്തനംതിട്ട

കൊയ്‌ത്ത്‌ ആരംഭിച്ച അപ്പർകുട്ടനാട്ടിലെ കർഷകരുടെ ആശങ്ക പരിഹരിക്കണമെന്ന്‌ കർഷകസംഘം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽനിന്നുള്ള യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ വിളവെടുപ്പ്‌ ആരംഭിച്ചത്‌. കൊറോണാ മൂലം സംസ്ഥാനം ലോക് ഡൗണിലേക്ക്‌ കടക്കുകയും ജില്ലയിൽ നിരോധനാജ്‌ഞ ബ്രഖ്യാപിക്കുകയും ചെയ്‌ത സാഹചര്യത്തിൽ വിളവെടുപ്പ്‌ മതിയാക്കി യന്ത്രങ്ങളുമായി തിരികെ പോകാനൊരുങ്ങുകയാണ്‌ അവർ. പാടി ഓഫീസർ നെല്ല്‌ സംഭരണത്തിന്‌ ചുമതലപ്പെടുത്തിയിരിക്കുന്നത്‌ കൃഷിഭവനുകളെയാണ്‌. അവശ്യസർവീസ്‌ ഗണത്തിൽ ഉൾപ്പെടുത്താത്തതുമൂലം കൃഷി ഉദ്യോഗസ്ഥർക്ക്‌ ഇക്കാര്യത്തിൽ പൂർണമായി ശ്രദ്ധിക്കാൻ സമയം കിട്ടാതെപോകുന്നു. നെല്ല്‌ സംഭരണത്തിന്‌ വാഹനങ്ങൾക്ക്‌ പാസ്‌ ലഭ്യമാക്കേണ്ടതുണ്ട്‌. വേനൽമഴ ആരംഭിച്ചതോടുകൂടി പാകമായ നെല്ല്‌ കൊഴിഞ്ഞു വീഴാൻ തുടങ്ങി. മഴ ശക്തമായാൽ കൃഷിക്കാർക്ക്‌ വലിയതോതിൽ നഷ്ടം സംഭവിക്കും. 
ബാങ്കുകളിൽ നിന്നും വായ്‌പയെടുത്താണ്‌ ഭൂരിപക്ഷം കർഷകരും കൃഷി തുടങ്ങിയത്‌. സമയബന്ധിതമായി കൊയ്‌ത്ത്‌ നടന്നില്ലെങ്കിൽ നഷ്ടം മാത്രമല്ല കൃഷിക്കാർ വൻ കടക്കെണിയിലുമാകും. അപ്പർകുട്ടനാട്‌ മേഖലയായ നിരണം കടപ്ര,  നെടുമ്പ്രം, പെരിങ്ങര, കുറ്റൂർ, കവിയൂർ, പെരിങ്ങര പഞ്ചായത്തുകളിലെ നെല്ല്‌ സംഭരണമാണ്‌ പ്രതിസന്ധിയിലായിരിക്കുന്നത്‌.
നെല്ല്‌ സംഭരണം സിവിൽ സപ്ലൈസ്‌ ഏറ്റെടുക്കുകയും നെല്ല്‌ സംഭരണവും കൊയ്‌ത്തും നിബന്ധനകളോടുകൂടി അവശ്യസർവീസായി പ്രഖ്യാപിച്ച്‌ കർഷകരെ രക്ഷിക്കണമെന്ന്‌ കർഷകസംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള സർക്കാരിനോടും കലക്ടറോടും അഭ്യർത്ഥിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top