09 December Friday

പ്രതിഷേധക്കനലായി

വെബ് ഡെസ്‌ക്‌Updated: Sunday Sep 25, 2022

കേന്ദ്രസർക്കാരിനെതിരെ സിപിഐ എം ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ശനിയാഴ്ച പത്തനംതിട്ടയിൽ നടത്തിയ ബഹുജന റാലി കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു

പത്തനംതിട്ട

പ്രതിഷേധത്തിന്റെ തീക്കനലായി പത്തനംതിട്ട നഗരം. ജനജീവിതം ദുസ്സഹമാക്കുന്ന  ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പത്തനംതിട്ട നഗരത്തിൽ സിപിഐ എം നേതൃത്വത്തിൽ  പ്രതിഷേധം അലയടിച്ചു.അവശ്യസാധനങ്ങൾക്കടക്കും വില വൻതോതിൽ വർധിപ്പിക്കുന്ന, തൊഴിലില്ലായ്മ അതിരൂക്ഷമാക്കുന്ന കേന്ദ്രസർക്കാർ  നയങ്ങൾക്കെതിരെ  ദേശവ്യാപകമായി സിപിഐ  എം നടത്തുന്ന പ്രക്ഷോഭത്തിന്റെ  ഭാഗമായാണ് ശനിയാഴ്ച  നഗരത്തിൽ ജില്ലാ റാലി നടന്നത്.  

ഉള്ള തൊഴിലവസരങ്ങൾ പോലും ഇല്ലാതാക്കുന്ന,  ഒഴിവുള്ള തസ്തികളില്‍   ഒന്നിലും  നിയമനം നടത്താതെ ജനദ്രോഹ നയം  തുടരുന്ന  കേന്ദ്ര  നയങ്ങള്‍ക്കെതിരെ ചെങ്കൊടിയുമേന്തി ജനങ്ങൾ മാർച്ച് ചെയ്തു.  

അരിയും ഗോതമ്പും അടക്കമുള്ള അവശ്യസാധനങ്ങൾക്ക് 20 ശതമാനത്തിലധികം വില വർധിപ്പിച്ച കേന്ദ്രനയം തിരുത്തണമെന്നും റാലിയിൽ പങ്കെടുത്തവർ മുദ്രാവാക്യം മുഴക്കി . 

നാട് അഭിമുഖീകരിക്കുന്ന ജീവൽ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാന്‍  വര്‍​ഗീയ വിഷം പടര്‍ത്തുന്നതിനെതിരെ  റാലിയിൽ ജനരോഷമുയർന്നു.

പതിനായിരങ്ങൾ പങ്കെടുത്ത റാലി പത്തനംതിട്ട നഗരം അടുത്തകാലത്തൊന്നും കാണാത്ത വിധത്തിൽ ജനസാഗരമായി. അഞ്ച് സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചാണ് ജില്ലയുടെ വിവിധ ഏരിയകളിൽ നിന്നു വന്ന  പാർടിപ്രവർത്തകരും വിവിധ വർ​ഗബഹുജന സംഘടനകളിൽ നിന്നുള്ളവരും അണിചേർന്നത്. 

പഴയ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ചേർന്ന പൊതുയോ​ഗം സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റിയം​ഗം രാജു ഏബ്രഹാം സ്വാ​ഗതവും ജില്ലാ കമ്മിറ്റിയം​ഗം അഡ്വ. ടി സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു. മുതിർന്ന നേതാവ് ആർ ഉണ്ണികൃഷ്ണപിള്ള, ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, എസ് നിർമലാ ദേവി, പി ബി ഹർഷകുമാർ, ടി ഡി ബൈജു, ആർ സനൽകുമാർ, കെഎസ്ഐഇ ചെയർമാൻ അഡ്വ പീലിപ്പോസ് തോമസ്, കെ യു ജനീഷ്കുമാർ എംഎൽഎ  എന്നിവർ  വേദിയില്‍ സന്നിഹിതരായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top