24 October Sunday

വീടിന്റെ തറയിലെ ടൈലുകൾ ശബ്ദത്തോടെ ഇളകിമാറി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 കോഴഞ്ചേരി

രാത്രി രണ്ടിന് വലിയ ശബ്ദം കേട്ടുണർന്ന വീട്ടുകാർ കണ്ടത് സ്വീകരണമുറിയിലെ ടൈലുകൾ ഇളകുന്നത്. ആറാട്ടുപുഴ പോസ്റ്റാഫീസ് ജങ്‌ഷനിലെ ഇരുനില വീടിന്റെ ഒന്നാം നിലയിലാണ് ടൈലുകൾ ഇളകി ഉയർന്നത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.
ആറാട്ടുപുഴ കാവുംമുക്കത്ത് കെ സി സന്തോഷിന്റെ വീടാണിത്. ഇവർ ഇപ്പോൾ നീർവിളാകത്താണ് താമസം. സന്തോഷിന്റെ കൊല്ലകടവിലുള്ള സഹോദരിയും കുടുബവുമാണ് ഒരാഴ്ചയായി താമസക്കാർ. കൊല്ലകടവിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ്‌ താൽക്കാലികമായി താമസം മാറ്റിയത്.കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിയോടെ ടിപ്പർ ലോറിയിൽ നിന്ന് മെറ്റൽ ഇറക്കുന്നതു പോലെയുള്ള ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ശബ്ദം ഇടതടവില്ലാതെ തുടർന്നു. കൂടുതൽ ശ്രദ്ധിച്ചപ്പോൾ വീടിനുള്ളിൽ നിന്നാണ് ശബ്ദം ഉയരുന്നതെന്ന് മനസിലായി. ലൈറ്റിട്ട് സ്വീകരണമുറിയിലെത്തിയപ്പോഴാണ് തറയിൽ പാകിയ ടൈലുകൾ ഇളകി ഉയരുന്നതു കണ്ടത്. ഇതോടെ വീട്ടുകാർ മുറ്റത്തേയ്ക്ക് ചാടി. ശബ്ദം അരമണിക്കൂറോളം നീണ്ടതായി താമസക്കാരൻ സജു കുര്യൻ പറഞ്ഞു. 15 ടൈലുകളാണ് ഇളകിയത്.ഒരു മാസം മുൻപ് വീടിന്റെ അഞ്ഞൂറു മീറ്റർ അകലെ പടിഞ്ഞാറേ വടക്കേടത്ത് ഉമ്മന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാണിരുന്നു. നാട്ടുകാർ വിവരം മൈനിങ്‌ ആന്റ്‌ ജിയോളജി വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും ഒരാളും അന്വേഷണത്തിന് എത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഭൂമിക്കടിയിലുണ്ടാകുന്ന എന്തെങ്കിലും വ്യതിയാനങ്ങളാകാം ഇതിന്‌ കാരണമെന്നാണ് കരുതുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top