19 September Thursday
സമ്പൂർണ സാന്ത്വന പരിചരണ ജില്ല

ആശ്വാസംപകരാൻ സന്നദ്ധ സേവകർ വീടുകളിലെത്തും

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
പത്തനംതിട്ട
പരിചരണം കിട്ടാതെ കഴിയുന്ന കിടപ്പുരോഗികൾക്ക്‌ ആശ്വാസംപകരാൻ സന്നദ്ധസേവകർ വീടുകളിലെത്തും. പത്തനംതിട്ടയെ സമ്പൂർണ സാന്ത്വന പരിചരണ ജില്ലയാക്കാനുള്ള തീവ്രശ്രമത്തിനാണ്‌ 27 ന്‌ തുടക്കമാകുന്നത്‌. 
57 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 920 വാർഡിലും കിടപ്പുരോഗികളെയും വയോജനങ്ങളെയും ആഴ്ചയിലൊരിക്കൽ വീട്ടിലെത്തി വളന്റിയർമാർ പരിചരിക്കും. രണ്ടാഴ്ചയിൽ ഒരിക്കൽ നേഴ്‌സിന്റെ പരിചരണവും മാസത്തിലൊരിക്കൽ ഡോക്ടറുടെ സേവനവും വിഷൻ 20:20 ക്യാമ്പയിൻ എന്ന്‌ പേരിട്ട പദ്ധതിയിലൂടെ ഇവർക്ക്‌ ലഭിക്കും. ജനങ്ങളുടെ പങ്കാളിത്തത്തോടെ പാലിയേറ്റീവ്‌ കമ്മിറ്റികൾ രൂപീകരിച്ച്‌ 97 സോണുകളായി തിരിച്ച്‌ സർവേ നടത്തി.  ഇതിൽ കണ്ടെത്തിയ 12,435 കിടപ്പുരോഗികളെയും 5,990 വയോജനങ്ങളെയും പരിചരിക്കാൻ 2,760 സന്നദ്ധസേവകർക്കാണ്‌ നാലു ഘട്ടമായി പരിശീലനം നൽകിയത്‌.  
സാന്ത്വനപരിചരണ രംഗത്ത്‌ സജീവമായ പത്തനംതിട്ട റീഹാബിലിറ്റേഷൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സെന്ററു (പിആർപിസി) മായി സഹകരിച്ച്‌ 11 ഏരിയകളിലെ സന്നദ്ധസംഘടനകൾ രംഗത്തുണ്ടാകും. അടൂർ മദർതെരേസ പാലിയേറ്റീവ്‌ കെയർ സൊസൈറ്റി,  റാന്നി മാർ ക്രിസോസ്റ്റം പാലിയേറ്റീവ്‌ കെയർ, പെരുനാട്‌ സുകർമ ഹെൽത്ത്‌ ഫൗണ്ടേഷൻ, കൊടുമൺ ജനനി ചാരിറ്റബിൾ സൊസൈറ്റി, കോഴഞ്ചേരി തണൽ പാലിയേറ്റീവ്‌ കെയർ, ഇരവിപേരൂർ കാരുണ്യ ഹെൽത്ത്‌ ഫൗണ്ടേഷൻ,തിരുവല്ല പികെപിസിഎസ്‌, കോന്നി ഇ എം എസ്‌ ചാരിറ്റബിൾ സൊസൈറ്റി, മല്ലപ്പള്ളി എ കെ ജി പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ , പത്തനംതിട്ട എ കെ ജി ഹെൽത്ത്‌ ഫൗണ്ടേഷൻ, പന്തളം ഇ കെ നായനാർ പാലിയേറ്റീവ്‌ കെയർ എന്നിവയാണ്‌ സഹകരിക്കുന്നത്‌.
 
 
പ്രധാന വാർത്തകൾ
 Top