05 February Sunday

ഹൊ ! കഷ്‌ടം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
പത്തനംതിട്ട
എസ്‌ബിഐ ശാഖകളിലെ ജീവനക്കാരുടെ കുറവ്‌ ഇടപാടുകാരെ ദുരിതത്തിലാക്കുന്നു. ബാങ്കിലെത്തുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജീവനക്കാർ പോലും ശാഖകളിലില്ല. രാവിലെ ബാങ്കിലെത്തി ഉച്ചയായിട്ടും കാര്യം സാധിക്കാതെ കാത്തു നിൽക്കുന്നത്‌ സ്ഥിരം കാഴ്‌ച. പല ആവശ്യങ്ങളുമായെത്തുന്ന നിരവധിയാളുകളാണ്‌ ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്‌. ഇതിനിടയിലാണ്‌ ഇപ്പോൾ ക്ലറിക്കൽ വിഭാഗത്തിലെ ജീവനക്കാരെ മാർക്കറ്റിങ്ങിലേയ്‌ക്ക്‌ മാറ്റുന്ന പുതിയ തീരുമാനം. നേരത്തെതന്നെ ജീവനക്കാരുടെ കുറവും കംപ്യൂട്ടർ സാങ്കേതിക പ്രശ്‌നങ്ങളും ജോലിഭാരവും കാരണം വീർപ്പുമുട്ടുമ്പോഴാണ്‌ ജീവനക്കാരെ വിപണന ജോലികളിലേക്ക്‌ മാറ്റിയത്‌. ഇതോടെ എസ്‌ബിഐ ശാഖകളിൽ ജീവനക്കാരുടെ എണ്ണം വീണ്ടും കുറഞ്ഞു. ഇടപാടുകാർക്ക്‌ കൃത്യമായ സേവനം നൽകാനാവാതെ ജീവനക്കാർ പ്രതിസന്ധിയിലുമായി. ജീവനക്കാരും ഇടപാടുകാരും തമ്മിലുണ്ടാകുന്ന വാക്കേറ്റവും പതിവാണ്‌.
അസൗകര്യങ്ങൾ രൂക്ഷമായതോടെ ഇടപാടുകാർ എസ്‌ബിഐയെ ഉപേക്ഷിച്ച്‌ സ്വകാര്യബാങ്കുകളെ ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ട്‌. തിരുവല്ല റീജിയണിലെ 37ഉം പത്തനംതിട്ട റീജിയണിലെ 43ഉം അടക്കം 80 ശാഖകളാണ്‌ ജില്ലയിൽ എസ്‌ബിഐക്കുള്ളത്‌. ഇതിലൊരു ബ്രാഞ്ചിൽ പോലും മതിയായ ജീവനക്കാരില്ലെന്നതാണ്‌ യാഥാർഥ്യം. കൂടാതെ അഞ്ച്‌ ഓഫീസുകളും ജില്ലയിലുണ്ട്‌. ഇവയിൽ എല്ലാം കൂടി ആകെയുള്ളതാകട്ടെ 320ഓളം ക്ലറിക്കൽ ജീവനക്കാരും. ശരിയായ എണ്ണത്തിന്റെ പകുതിയോളം പോലും ആകുന്നില്ല ഇത്‌. 
2017ൽ എസ്‌ബിഐ, എസ്‌ബിടി ലയനസമയത്ത്‌ പിരിഞ്ഞുപോയ ഒഴിവുൾപ്പടെ ഇപ്പോഴും നികത്തപ്പെട്ടിട്ടില്ല. ലയന സമയത്ത്‌ നിരവധിയായ ശാഖകൾ ലയിപ്പിച്ച്‌ എണ്ണം കുറച്ചതും ഇടപാടുകാർക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്‌ടിച്ചിരുന്നു. കോന്നിയിൽ മൂന്ന്‌ ശാഖകളുണ്ടായിരുന്നത്‌ ഒരു ശാഖയാക്കി. റാന്നിയിലും തിരുവല്ലയിലും കുമ്പനാടുമെല്ലാം സമാന രീതിയിൽ ശാഖകൾ കുറച്ചു. ജീവനക്കാരുടെ കുറവ്‌ രൂക്ഷമായതോടെ മൈലപ്രയിലും വടക്കടത്തുകാവിലുമടക്കം പുതിയ ശാഖകൾ തുടങ്ങാനുള്ള നിർദേശവും നടപ്പിലായില്ല. ശാഖകളും സ്ഥിരം ജീവനക്കാരെയും വെട്ടിക്കുറിച്ച്‌ കരാർ ജീവനക്കാരെ കുത്തിനിറച്ച്‌ എസ്‌ബിഐയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്ന്‌ ജീവനക്കാർ തന്നെ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top