05 February Sunday
ഭക്ഷണശാലകളിൽ ആരോഗ്യ രേഖ

വേണം ഹെൽത്ത്‌ കാർഡും 
മെഡിക്കൽ ഫിറ്റ്‌നസും

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
പത്തനംതിട്ട
ഭക്ഷ്യ സ്ഥാപനങ്ങളിൽ ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാവർക്കും ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കിയതോടെ ജീവനക്കാർക്ക്‌ വേണ്ടത്‌ രണ്ട്‌ ആരോഗ്യ രേഖകൾ. മെഡിക്കൽ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റും ഹെൽത്ത്‌ കാർഡുമാണ്‌ ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക്‌ ആവശ്യമായ ആരോഗ്യ രേഖകൾ. ഈ രേഖകൾ ഉണ്ടാകണമെന്ന നിയമം നേരത്തെ ഉള്ളതാണ്‌. ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കിയുള്ള സർക്കാർ ഉത്തരവ്‌ മാത്രമാണ്‌ ഇപ്പോൾ വന്നിരിക്കുന്നത്‌.
    ഹെൽത്ത്‌ ഇൻസ്‌പെക്‌ടർമാർ നൽകുന്ന ഒരു വർഷ കാലാവധിയുള്ള ആരോഗ്യ രേഖയാണ്‌ ഹെൽത്ത്‌ കാർഡ്‌. എഫ്‌എസ്‌എസ്‌എഐ നിയമത്തിൽ ഡോക്‌ടർ നൽകുന്ന മെഡിക്കൽ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റാണ്‌ വേണ്ടത്‌. ഇതിന്‌ ആറ്‌ മാസമാണ്‌ കാലാവധി. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ നിലവിൽ ജിവനക്കാരുടെ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റായിരുന്നു പരിശോധിച്ചിരുന്നത്‌. എന്നാൽ ഹെൽത്ത്‌ കാർഡ്‌ നിർബന്ധമാക്കി ഉത്തരവ്‌ വന്നതിനാൽ ഇനിമുതൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിൽ ഇതും നിർബന്ധമായി പരിശോധിക്കുമെന്ന്‌ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ സ്ഥാപനങ്ങളുടെ ലൈസൻസ്‌ എടുക്കുന്ന സമയങ്ങളിൽ മാത്രമായിരുന്നു ഹെൽത്ത്‌കാർഡ്‌ ആവശ്യമായിരുന്നത്‌. കർശനമല്ലാതിരുന്നതിനാൽ പല ജീവനക്കാർക്കും സർട്ടിഫിക്കറ്റ്‌ എടുക്കുന്നതിന്‌ ഉടമകൾ ശ്രദ്ധിച്ചിരുന്നില്ല. സ്ഥിരം ജീവനക്കാർ ഇല്ലാത്തതും ഇത്തരം രേഖകൾ എടുക്കുന്നതിന്‌ തടസമാകുന്നു. ഫെബ്രുവരി ഒന്ന്‌ മുതൽ കാർഡ്‌ നിർബന്ധമാകുന്നതോടെ എടുക്കാൻ ഉടമകൾ നിർബന്ധിതരാകും. സ്ഥാപനങ്ങളുടെ ലൈസൻസ്‌ പുതുക്കൽ സമയം വരാനിരിക്കുന്നതിനാൽ ആ ഘട്ടത്തിലും പരിശോധന കർശനമാകും. കൂടാതെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിശോധന സംഘടിപ്പിക്കും. ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയിലെ ജീവനക്കാർക്കും കാർഡ്‌ നിർബന്ധമായേക്കും. നിലവിൽ ഈ മേഖലയിലെ തൊഴിലാളികളുടെ രേഖകൾ കാര്യമായി പരിശോധിച്ചിരുന്നില്ല.
   ഭക്ഷ്യ സുരക്ഷ വകുപ്പ്‌ ഭക്ഷണ സാമ്പിളുകൾക്കൊപ്പം വെള്ളവും ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റുമാണ്‌ നിലവിൽ പരിശോധിക്കുന്നത്‌. അതിഥി തൊഴിലാളികൾ ഉൾപ്പെടെ മുഴുവൻ ജോലിക്കാരും സർട്ടിഫിക്കറ്റ്‌ എടുക്കണം. നിലവിൽ പരിശോധന നടത്തിയ ഭൂരിഭാഗം കടകളിലെ ജീവനക്കാർക്കും സർട്ടിഫിക്കറ്റുണ്ട്‌. ജീവനക്കാർ മാറിയെത്തുന്ന കടകളിലെ തൊഴിലാളികൾക്കാണ്‌ സർട്ടിഫിക്കറ്റ്‌ ഇല്ലാത്തത്‌. ഇത്തരത്തിൽ സർട്ടിഫിക്കറ്റില്ലാത്ത ജീവനക്കരെ കണ്ടാൽ അന്നുതന്നെ സർട്ടിഫിക്കറ്റ്‌ എടുപ്പിക്കുന്നതാണ്‌ പതിവ്‌. കൂടാതെ സ്ഥാപനങ്ങളെ ഹൈജീൻ റേറ്റിങിനായി രജിസ്റ്റർ ചെയ്യിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top