28 February Sunday
കോന്നി മെഡിക്കൽ കോളേജ്‌

-ഫെബ്രുവരി എട്ട്‌ മുതൽ കിടത്തി ചികിത്സ

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021
കോന്നി
കോന്നി മെഡിക്കൽ കോളേജിലെ കിടത്തി ചികിത്സ ഒന്നാം ഘട്ടം ഫെബ്രുവരി എട്ടിന്‌ ആരംഭിക്കാൻ തയാറെടുപ്പുകൾ പുരോഗമിക്കുന്നു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ അധ്യക്ഷതയിൽ മെഡിക്കൽ കോളേജിൽ അവലോകന യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി.
ഒന്നാം ഘട്ടമായി നൂറ് കിടക്കകളോടുകൂടി ഫെബ്രുവരി എട്ടിന്‌ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്. ആരോഗ്യമന്ത്രി നേരിട്ടെത്തി കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്യും.
ആവശ്യമായ കട്ടിലും കിടക്കകളും മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നും എത്തിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു. ജനുവരി 30ന് മുൻപായി ഐസിയു ബഡ്, ഫർണിച്ചറുകൾ ഉൾപ്പടെയുള്ള അനുബന്ധ ഉപകരണങ്ങൾ  എത്തിക്കുമെന്ന് കെഎംഎസ് സി എൽ മാനേജർ യോഗത്തെ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായ കാരുണ്യ കിയോസ്ക് ആശുപത്രി കവാടത്തിൽ സ്ഥാപിച്ചു കഴിഞ്ഞു. ആശുപത്രിയ്ക്കുള്ളിൽ കാരുണ്യ ഫാർമസി നിർമാണം പുരോഗമിക്കുകയാണ്. ഈ മാസം തന്നെ നിർമാണം പൂർത്തീകരിക്കും.
ഹൈടെൻഷൻ കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള 2.4 കോടി രൂപ ഇലക്ട്രിസിറ്റിബോർഡിന് ഉടൻ കൈമാറും. 
എക്സ്‌റേ മെഷീൻ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഈ മാസം തന്നെ മെഷീൻ എത്തും. ഓട്ടോ അനലൈസർ, അൾട്രാസൗണ്ട് സ്കാനർ തുടങ്ങിയവയും ഇതോടൊപ്പം എത്തും.
ദന്തരോഗ വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും. ഈ മാസം തന്നെ ഇതിന്റെ ഒപി പ്രവർത്തനം ഉദ്ഘാടനം ചെയ്യും. ദന്തൽ ചെയർ ഉടൻ തന്നെ എത്തിച്ചേരും. ആരോഗ്യ മന്ത്രിയുടെ ഓഫീസ് നിരന്തരമായി പ്രവർത്തനങ്ങൾ നിരീക്ഷിച്ച് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. മുഖ്യമന്ത്രിയും കൃത്യമായ ഇടവേളകളിൽ പുരോഗതി റിപ്പോർട്ട് തേടുന്നുണ്ട്. 
യോഗത്തിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി, വൈസ് പ്രസിഡന്റ്‌ മണിയമ്മ രാമചന്ദ്രൻ ,പ്രിൻസിപ്പാൾ ഡോ. സി എസ് വിക്രമൻ, സൂപ്രണ്ട് ഡോ. സജിത്കുമാർ, കെ സന്തോഷ്, കല വൈ പവിത്രൻ,  അനിൽ , ഗീവർഗീസ്, മഹേഷ്, ടി എ ഷൈല, ആർ രതീഷ് കുമാർ, രോഹിത് ജോസഫ് തോമസ്, എസ് സുമി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top