കോഴഞ്ചേരി
കലുങ്ക് നിർമിക്കാൻ കുഴിയെടുത്തു. പക്ഷേ, മുന്നറിയിപ്പ് ബോർഡുപോലുമില്ല. കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കരാറുകാരൻ, ഉദ്യോഗസ്ഥർ എന്നിവരുടെ പേരിൽ ക്രിമിനൽ കേസെടുക്കണമെന്ന് നാട്ടുകാർ. അത്യാസന്ന നിലയിലായ മെഴുവേലി വലിയപറമ്പിൽ ഏബിളി (49) നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ഞനിക്കര–-മുളക്കുഴ പിഡബ്ല്യുഡി റോഡിൽ മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പള്ളിക്ക് സമീപം മുന്നറിയിപ്പോ സുരക്ഷാ സംവിധാനമോ ഇല്ലാതെ കലുങ്കിനെടുത്ത കുഴിയിൽ വീണായിരുന്നു അപകടം. അപകടം നടന്നതിന്റെ പിറ്റേ ദിവസമാണ് ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്.
കിഫ്ബി ഫണ്ടിൽനിന്നും അനുവദിച്ച 23 കോടി രൂപ മുടക്കി റോഡ് നിർമാണം ആരംഭിച്ചിട്ട് മൂന്നര വർഷം കഴിഞ്ഞു. ഇതിനോടൊപ്പം നിർമാണം ആരംഭിച്ച മുഴുവൻ റോഡുകളും ഒന്നും രണ്ടും വർഷം മുൻപുതന്നെ ബിഎം ബിസി സാങ്കേതിക വിദ്യയിൽ പണി പൂർത്തിയായിരുന്നു. എന്നാൽ മഞ്ഞനിക്കര–-മുളക്കുഴ റോഡിന്റെ പണി മാത്രം എങ്ങുമെത്തിയില്ല. സർക്കാർ നിർദേശങ്ങൾ ഉൾപ്പെടെ കരാറുകാരൻ നിഷേധിക്കുകയാണ് പതിവ്.
ഒന്നര വർഷം മുൻപ് പകുതി കലുങ്ക് നിർമിച്ചു. ബാക്കി ഭാഗത്ത് കലുങ്കിനു വേണ്ടി രണ്ട് മാസം മുൻപ് കുഴി എടുത്തു. എന്നാൽ പണി തുടങ്ങിയില്ല. മാത്രമല്ല ഇവിടെ പണി നടക്കുന്നതിന്റെ ബോർഡ് വക്കുകയോ കമ്പുകൾ നാട്ടി വഴിയിൽ തടസം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ഇതൊക്കെ നോക്കേണ്ട ഉദ്യോഗസ്ഥർ ഇവിടെ വരാറുമില്ല. പിഡബ്ല്യൂഡിയുടെ അസിസ്റ്റന്റ് എൻജിനീയർ മുതൽ എക്സിക്യൂട്ടീവ് എൻജിനീയർക്കുവരെ നൽകിയ പരാതി ചവറ്റുകൊട്ടയിലിടുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്താനും കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിന് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രദേശവാസികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..