29 February Saturday
മനുഷ്യമഹാശൃംഖല നാളെ

ജ്വാലയാകാൻ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

 പത്തനംതിട്ട

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള പോരാട്ടത്തിൽ രാജ്യത്തിന് മാതൃകയായ കേരളം റിപ്പബ്ലിക്ക് ദിനത്തിൽ തീർക്കുന്ന മനുഷ്യ മഹാശൃംഖലയിൽ കണ്ണികളാകാൻ പത്തനംതിട്ട ജില്ലയും ഒരുങ്ങികഴിഞ്ഞു. മനുഷ്യനെ മതത്തിന്റെ പേരിൽ തരംതിരിക്കുന്ന വർഗീയ വിഷശക്തികളുടെ കുത്സിത നീക്കത്തിനെതിരെയുള്ള പോരാട്ടത്തിന് ജില്ലയിലെ ഇടതുപക്ഷ പ്രവർത്തകരുടെയും മതേതര വിശ്വാസികളുടെയും ശക്തമായ പിന്തുണയാണുള്ളത്. 
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിന് പിന്നാലെ നിയമസഭ പ്രമേയം പാസാക്കുകയും സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുകയുമാണ് കേരളം. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരെ കേരളം സംഘടിപ്പിക്കുന്ന മനുഷ്യമഹാശൃംഖല മറ്റു സംസ്ഥാനങ്ങളിലെ മതേതര വിശ്വാസികൾക്ക് ആവേശമാകുകയാണ്. തെക്ക് കളിയിക്കാവിള മുതൽ വടക്ക് കാസർകോട് വരെ ജനങ്ങളെ ഒന്നായി അണിനിരത്തി സൃഷ്ടിക്കുന്ന മനുഷ്യമഹാശൃംഖലയിൽ ജില്ലയിലെ പതിനായിരങ്ങൾ അമ്പലപ്പുഴയിലെ വളഞ്ഞവഴി മുതൽ കായംകുളത്തെ ഷാഹിദാർ പള്ളി ജങ്ഷൻ വരെ  അണിനിരക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ആഹ്വാനം ചെയ്ത മനുഷ്യമഹാ ശൃംഖലയിൽ കക്ഷിരാഷ്ട്രീയഭേനമെന്യേ ഒറ്റക്കെട്ടായി ജില്ലയിലെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളും മതസാമുദായിക നേതാക്കളും കലാസാഹിത്യ സിനിമ രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും. 
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചും മനുഷ്യമഹാശൃംഖലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും വിദ്യാർഥി, യുവജന, മഹിള സംഘടനകളും ജീവനക്കാരുടെയും അധ്യാപകരുടെയും കർഷകരുടെയും തൊഴിലാളികളുടെയും സംഘടനകളും ജില്ലയിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചു.എസ്എഫ്ഐ പ്രതിഷേധ തെരുവും ഡിവൈഎഫ്ഐ  ബ്ലോക്കുകളിൽ നൈറ്റ് മാർച്ചും നൈറ്റ് അസംബ്ലിയും സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം, ബെഫി, മഹിളാ അസോസിയേഷൻ തുടങ്ങിയ സംഘടനകൾ വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ ഒരുക്കി. 
എൽഡിഎഫ് നേതൃത്വത്തിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലും പ്രചാരണ ജാഥകൾ നടത്തി പൗരത്വ ഭേദഗതി നിയമം രാജ്യത്ത് സൃഷ്ടിക്കുന്ന ഭീകരതകളും അരാജകത്വവും വ്യക്തമാക്കി കഴിഞ്ഞു. ഡിവൈഎഫ്ഐ ശനിയാഴ്ച മേഖല തലത്തിൽ ബൈക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്. 
റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന മനുഷ്യമഹാശൃംഖല വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും ഓരോ മേഖലകൾക്കും നിശ്ചയിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ കൃത്യസമയത്തുതന്നെ അണിനിരക്കണമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല അറിയിച്ചു. 
 
 
പ്രധാന വാർത്തകൾ
 Top