25 September Monday

'ഹൃദയപൂർവം' ഡിവെെഎഫ്ഐ: വിശപ്പകറ്റാൻ നൽകിയത് 15 ലക്ഷം പൊതിച്ചോർ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡിവെെഎഫ്ഐ പൊതിച്ചോർ വിതരണം (ഫയൽ ചിത്രം)

 പത്തനംതിട്ട> വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്ഐ ഹൃദയപൂർവം പൊതിച്ചോർ വിതരണം ആരംഭിച്ചിട്ട് അഞ്ചുവർഷം പൂർത്തിയാകുന്നു. 2017 നവംബർ 25 ന് കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഹൃദയപൂർവം പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഇതുവരെ ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പതിനഞ്ചുലക്ഷത്തിലധികം പൊതിച്ചോർ വിതരണം ചെയ്തു.

ഓരോ ദിവസവും ഓരോ മേഖലകമ്മിറ്റികളാണ് ഭക്ഷണം എത്തിക്കുന്നത്.വിശേഷ ദിവസങ്ങളിൽ പായസമടക്കമുള്ള പ്രത്യേക വിഭവങ്ങളും നൽകുന്നു. ഏതെങ്കിലും പ്രത്യേക കേന്ദ്രത്തിൽ ഭക്ഷണം തയ്യാറാക്കി നൽകാതെ വീടുകളിൽ നിന്നും പൊതിച്ചോർ ശേഖരിച്ചാണ് ആശുപത്രിയിലെത്തിക്കുന്നത്.ഹർത്താലും, പ്രളയവും, കോവിഡും ഭക്ഷണ വിതരണത്തിന് തടസമായില്ല.
 
കേരളത്തിൽ സിപിഐ എം, ഡിവൈഎഫ്ഐ പ്രവർത്തകർ രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ടപ്പോഴും ഭക്ഷണ വിതരണം മുടക്കമില്ലാതെ തുടർന്നു. മുന്നിൽ കൈ നീട്ടുന്നവരുടെ നിറമോ, മതമോ, ജാതിയോ, രാഷ്ട്രീയമോ നോക്കാതെ ലക്ഷങ്ങളുടെ വിശപ്പകറ്റാൻ ഡിവൈഎഫ്ഐ ഹൃദയപൂർവം പദ്ധതിക്കായി.ഒരിക്കൽ പോലും മുഖം കാണാത്തവർക്കായി ജാതി–-മത–-ഭേദമെന്യേ ലക്ഷക്കണക്കിനാളുകൾ പദ്ധതിയിലൂടെ  ഭക്ഷണം ഒരുക്കി പൊതികെട്ടി നൽകി. ലോക ചരിത്രത്തിൽ മറ്റൊരു യുവജന പ്രസ്ഥാനത്തിനും സാധ്യമാകാത്ത ഭക്ഷണ വിതരണമാണ് മുടക്കമില്ലാതെ  ഇന്നും തുടരുന്നത്.
 
മാനവ സ്നേഹത്തിന്റെ നേർസാക്ഷ്യമെന്നാണ് കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ ഹൃദയപൂർവം പദ്ധതിയെ വിശേഷിപ്പിച്ചത്. ഭക്ഷണ വിതരണത്തിനൊപ്പം ആശുപത്രിയിൽ ആവശ്യാനുസരണം രക്തവും ഡി വൈഎഫ്ഐ പ്രവർത്തകർ ദാനം ചെയ്യുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top