17 January Sunday

ഇനി കോന്നി പിന്നോട്ടില്ല

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

 കോന്നി

തോട്ടം മേഖലയും ആദിവാസി കോളനികളും ഉൾപ്പെടുന്ന ജില്ലാ പഞ്ചായത്ത്‌ ഡിവിഷനാണ്‌ കോന്നി. കലഞ്ഞൂർ പഞ്ചായത്തിലെ 16 വാർഡും അരുവാപ്പുലം പഞ്ചായത്തിലെ 11 വാർഡും കോന്നി പഞ്ചായത്തിലെ 10 വാർഡും പ്രമാടം പഞ്ചായത്തിലെ 3 വാർഡും കോന്നി ഡിവിഷനിൽ ഉൾപ്പെടുന്നു. ആവണിപ്പാറ ഗിരിജൻ കോളനിയും കാട്ടാത്തിപ്പാറ ആദിവാസി കോളനിയും കല്ലേലി തോട്ടം രാജഗിരി തോട്ടവും  മണ്ഡലത്തിൽ പെടുന്നു. വനമേഖലക്കും കാർഷിക മേഖലക്കും ഒരുപോലെ പ്രാധാന്യമുണ്ട്‌. 
കഴിഞ്ഞ 15 വർഷമായി യുഡിഎഫ് പ്രതിനിധികളാണ് ജില്ലാ പഞ്ചായത്തംഗങ്ങളായത്. ജില്ലാ പഞ്ചായത്തിന്റേതായ ഒരു പദ്ധതി പോലും എടുത്തു പറയാനില്ല.  സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ യുഡിഎഫ് നേതൃത്വം രാഷ്ട്രീയം കലർത്തിയതും ഡിവിഷനെ പിറകോട്ടടിപ്പിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട്‌ ഒരു വർഷം കൊണ്ട് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി. എന്നാൽ പ്രാദേശിക ഭരണകൂടമെന്ന നിലയിൽ വികസനകാര്യത്തിൽ  യാതൊരു പിന്തുണയും നൽകിയില്ല. വികസനത്തിൽ രാഷ്ട്രീയം കലർത്തുന്ന നിലപാടാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത്.
കോന്നിയൂർ പി കെയാണ് എൽഡിഎഫ് സ്ഥാനാർഥി. നീണ്ട നാൽപ്പത് വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള കോന്നിയൂർ പി കെ കഴിഞ്ഞ അഞ്ച് വർഷക്കാലം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചു. ഡിസിസി ജനറൽ സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. വികസനത്തിൽ രാഷ്ട്രീയം കലർത്തുന്ന കോൺഗ്രസിന്റെ പിന്തിരിപ്പൻ സമീപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ച് ഇടതുപക്ഷത്തോടൊപ്പം ചേർന്നു. ഇടതു സ്വതന്ത്രനായാണ് മത്സരിക്കുന്നത്. 
വി ടി അജോമോനാണ് യുഡിഎഫ് സ്ഥാനാർഥി. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബിജെപി കൂടൽ മേഖല സെക്രട്ടറി വട്ടമല ശശിയാണ് എൻഡിഎ സ്ഥാനാർഥി. കലഞ്ഞൂർ പഞ്ചായത്തംഗമായി പ്രവർത്തിച്ചിട്ടുണ്ട്.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top