03 October Monday
ബസിനെറിഞ്ഞ്‌ പേടിപ്പിക്കാൻ ശ്രമം

അക്രമ ഹർത്താൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022

എരുമേലിയിൽ നിന്ന് കളിയിക്കാവിളയ്ക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് നേരെ നാലിടത്ത് ആക്രമണമുണ്ടായി. ചില്ലുകൾ തകർന്നതിനെ തുടർന്ന് പത്തനംതിട്ട ഡിപ്പോയിൽ സർവീസ് അവസാനിപ്പിച്ചപ്പോൾ. 
കല്ലേറിൽ നിന്ന് രക്ഷപ്പെട്ട ഡ്രൈവർ ദിലീപ് കുമാറാണ് ബസിൽ

പത്തനംതിട്ട
ഹർത്താലിന്റെ  മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ജില്ലയിൽ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ വ്യാപക  ആക്രമണം നടത്തി. കെഎസ്ആർടിസി സർവീസ് തടസ്സപ്പെടുത്താനായിരുന്നു ശ്രമം. ബസിന് കല്ലെറിഞ്ഞതിനെ തുടർന്ന് കോന്നിയിലൊരു യാത്രക്കാരനും പന്തളത്ത് കെഎസ്ആര്‍ടിസി ഡ്രൈവർക്കും കണ്ണിന് പരിക്കേറ്റു. ജില്ലയിൽ നാല് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. 
പന്തളം, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലാണ് അക്രമികൾ ബസുകൾക്കെതിരെ കല്ലെറിഞ്ഞത്.    വെള്ളി രാവിലെ മുതൽ പതിവു പോലെ പത്തനംതിട്ട ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി സർവീസ് തുടങ്ങി. രാവിലെ ഒമ്പതുവരെ 37 സർവീസ് പത്തനംതിട്ടയിൽനിന്ന് നടത്തി. ഒമ്പതോടെയാണ് ജില്ലയുടെ പല ഭാഗങ്ങളിലും ബസുകൾക്ക് നേരെ കല്ലേറ് തുടങ്ങിയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയില്ല.  എരുമേലിയില്‍നിന്ന് തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പോയ ബസിന് നേരെ നാലിടത്തുവച്ച് കല്ലേറുണ്ടായി. ബസ് പത്തനംതിട്ടയിലെത്തി സര്‍വീസ് നിര്‍ത്തി. യാത്രക്കാരെ പത്തനംതിട്ടയില്‍ നിന്ന് മറ്റൊരു ബസില്‍ കയറ്റിവിട്ടു. 
ആനപ്പാറയിലും പന്തളത്തും കോന്നിയിലും ഹെൽമെറ്റ് ധരിച്ച്  ബൈക്കിലെത്തിയ സംഘമാണ് ആക്രമണം  നടത്തിയത്. കോന്നിയിലെ കല്ലേറിൽ സബ്‌ രജിസ്ട്രാർ ഓഫീസിലെ സീനിയർ ക്ലാർക്ക് ബോബി മൈക്കിളിന് വലത്തേ കണ്ണിന് ​ഗുരുതരമായി പരിക്കേറ്റു. രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് പരിക്കേറ്റത്. ബോബിയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
ജില്ലയിൽ പിഎസ് സി  പരീക്ഷ രണ്ടു കേന്ദ്രങ്ങളിലുണ്ടായിരുന്നു. രാവിലെ ഒമ്പതോടെ പരീക്ഷ കഴിഞ്ഞെങ്കിലും ദൂരസ്ഥലത്തേക്ക് പോകേണ്ടവർ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. കല്ലേറ് വ്യാപകമായതിനെ തുടർന്ന്  കെഎസ്ആർടിസി  ബസ് സർവീസ് മുടങ്ങിയതോടെ പൊലീസ് സർവീസിന് സഹായവുമായി എത്തി. ബസ്‌ സ്റ്റേഷനിലുണ്ടായിരുന്ന  യാത്രക്കാരിൽ കൂടുതൽ ഏത് പ്രദേശങ്ങളിലേക്കാണ് പോകേണ്ടതെന്ന് ചോദിച്ച് ആ പ്രദേശങ്ങളിലേക്ക് പൊലീസ് അകമ്പടിയോടെ സർവീസ് നടത്തി. ഇത്തരത്തിൽ അടൂർ, കോന്നി, റാന്നി, തിരുവനന്തപുരം, പുനലൂർ എന്നിവിടങ്ങളിലേക്കെല്ലാം കോൺവോയ് അടിസ്ഥാനത്തിൽ ബസ് സർവീസ് നടത്തി. വ്യാഴാഴ്ച ബം​ഗളൂരുവിൽനിന്ന് പുറപ്പെട്ട് പുലർച്ചെ പത്തനംതിട്ടയില്‍ കൈക്കുഞ്ഞുമായെത്തിയ   കുടുംബത്തിന് ആങ്ങമൂഴിയിലേക്ക്  പോകാൻ  പൊലീസ് പ്രത്യേക വാഹനം ഏർപ്പെടുത്തി. പത്തനംതിട്ട എസ്ഐ അസ്ഹര്‍ ഇബ്നു മിര്‍സാഹിബാണ് സ്വന്തം ചെലവില്‍ കുടുംബത്തിന്‌ ആങ്ങമൂഴിയിലേക്ക് വാഹനസൗകര്യം ഏര്‍പ്പെടുത്തിയത്. 
വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരായവര്‍: (ബ്രാക്കറ്റില്‍ ആകെയുള്ള ജീവനക്കാര്‍) കലക്ടറേറ്റ് 41(115), തിരുവല്ല, അടൂര്‍ ആര്‍ഡിഒ ഒാഫീസ് 9(26), കോഴഞ്ചേരി താലൂക്ക് ഓഫീസ് 38 (123), കോന്നി താലൂക്ക് ഒാഫീസ് 42(129), മല്ലപ്പള്ളി താലൂക്ക് ഓഫീസ് 34 (77), അടൂര്‍ താലൂക്ക് ഒാഫീസ് 78(145), റാന്നി താലൂക്ക് ഓഫീസ് 31(92). 
ജില്ലയില്‍ ക്രമസമാധാന നില ഉറപ്പാക്കാന്‍ വ്യാഴാഴ്ച തന്നെ താലൂക്ക് ആസ്ഥാനങ്ങള്‍ക്ക് പുറമെ മൂന്നിടത്ത്  കൂടി എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ ചുമതലപ്പെടുത്തി.  ചിറ്റാര്‍, പെരുമ്പെട്ടി, പന്തളം എന്നിവിടങ്ങളിലാണ് പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെ നിയമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top