07 August Friday

സിംഗപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടിയയാള്‍ പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019
തിരുവല്ല
സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് 43 പേരിൽനിന്നായി 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത പ്രതിയെ അറസ്റ്റുചെയ്തു. ചെങ്ങന്നൂർ വെൺമണി വില്ലേജിലെ ഏറംമുറിയിൽ നടുവിലേ തെക്കേതിൽ വീട്ടിൽ രാജേഷ് രാജൻ ആചാരി (37)യെയാണ് തിരുവല്ല പൊലീസ് അറസ്റ്റുചെയ്തത്. 
സിംഗപ്പൂർ എയർപോർട്ടിലും വിവിധ ആശുപത്രികളിലും ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന് ഓൺലൈനിലൂടെ പരസ്യംനൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യം പ്രസിദ്ധീകരിക്കുന്ന ഒമേഗ ജോബ്സ് ഫോർ യു ചെന്നൈ എന്ന വിലാസത്തിലേക്ക് ബയോഡേറ്റ നൽകുന്നവരെ ഫോണിൽ ബന്ധപ്പെടുന്ന രാജേഷ് ഇവരെ തിരുവല്ലയിലേക്ക് വിളിച്ചുവരുത്തി പണം വാങ്ങുകയും എഗ്രിമെന്റ് ഉണ്ടാക്കി നൽകുകയും ചെയ്തിരുന്നു. 
എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് കരുനാഗപള്ളി സ്വദേശിയായ യുവാവിൽനിന്ന് അഡ്വാൻസായി 35,000 രൂപ വാങ്ങി കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. ഇയാൾ പിടിയിലായതറിഞ്ഞ്  കബളിപ്പിക്കപ്പെട്ട നിരവധിയാളുകൾ സ്റ്റേഷനിൽ പരാതിയുമായി എത്തി. ചെറുകോൽപ്പുഴയിലെ സഹോദരിമാർക്ക് നേഴ്സ് ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ, ആറൻമുള സ്വദേശിനിയിൽനിന്ന് അഡ്വാൻസായി 25,000 രൂപ തുടങ്ങി ഏകദേശം ഇരുനൂറോളംപേരിൽനിന്ന് പണം തട്ടിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 
തിരുവല്ല പൊലീസ് ഇൻസ്പെക്ടർ പി ആർ സന്തോഷ്, എസ്ഐമാരായ ജിബു ജോൺ, ബി ശ്യാം, എസ് സലീം, എഎസ്ഐമാരായ സന്തോഷ്കുമാർ, ബാബു, എസിപിഒ മനോജ്കുമാർ, രവിചന്ദ്രൻ, അനീഷ്, മനോജ്കുമാർ, ശരത്ചന്ദ്രൻ, സജിത്രാജ്, അനിൽകുമാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. 
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top