27 September Monday
ഫണ്ട്‌ ദുരുപയോഗം

തിരുവല്ല നഗരസഭയിൽ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Saturday Jul 24, 2021
തിരുവല്ല
17 കോടി രൂപ വികസന പ്രവർത്തനങ്ങളെന്ന പേരിൽ ദുരുപയോഗം ചെയ്യാനുള്ള യുഡിഎഫ് ഭരണസമിതി നിലപാടിൽ പ്രതിഷേധിച്ച്‌ തിരുവല്ല നഗരസഭയിൽ പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. എൽഡിഎഫ് കൗൺസിലർമാരും പ്രവർത്തകരും നഗരസഭാ കവാടത്തിൽ ധർണയും നടത്തി. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ചേർന്ന കൗൺസിൽ യോഗമാണ് പ്രതിഷേധത്തിൽ കലാശിച്ചത്. 
പഠിക്കാൻ സമയം നൽകാതെ പൊടുന്നനെ പദ്ധതി യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു. വൻ അഴിമതി നടത്താനാണ് യുഡിഎഫ് ഭരണ സമിതി ശ്രമിക്കുന്നതെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി ലീഡർ അഡ്വ. പ്രദീപ് മാമൻ മാത്യു പറഞ്ഞു. കോൺട്രാക്ടർമാരായ കോൺഗ്രസ് നേതാക്കളടങ്ങിയ സംഘമാണ് ഇതിന് പിന്നിൽ. ചെയർപേഴ്സൺ ഇതിന് കൂട്ടുനിൽക്കുകയാണെന്നും പ്രദീപ് യോഗത്തിൽ ആരോപിച്ചു.  പ്രതിഷേധം ഉയർന്നപ്പോൾ അജണ്ടകളെല്ലാം പാസാക്കി കൗൺസിൽ യോഗം അവസാനിച്ചതായി അറിയിച്ച് ചെയർപേഴ്സൺ എഴുന്നേറ്റ് പോകുകയായിരുന്നു. 
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ മനു, ബ്ലോക്ക് സെക്രട്ടറി അനൂപ് കുമാർ, പ്രസിഡന്റ്‌ കെ വി മഹേഷ്, വൈസ് പ്രസിഡന്റ്‌ ഷിനിൽ ഏബ്രഹാം, ജോയിന്റ്‌ സെക്രട്ടറി പ്രതീഷ് രാജ്, കമ്മിറ്റി അംഗം ലെനിൻ, എസ്എഫ്ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ എസ് അമൽ, ഏരിയ സെക്രട്ടറി വിവേക്, ജില്ലാ കമ്മിറ്റിയംഗം ബിപിൻ ചാക്കോ, ബാലസംഘം ഏരിയ പ്രസിഡന്റ്‌ ഹരികൃഷ്‌ണൻ, ഷിബു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ കൗൺസിൽ ഹാളിന് മുന്നിൽ പ്രതിഷേധ ധർണ തുടങ്ങി. വിവരമറിഞ്ഞ് എൽഡിഎഫ് പ്രവർത്തകർ നഗരസഭാ കവാടത്തിലെത്തി.  
കൗൺസിൽ ഹാളിനുള്ളിലും പുറത്തും പ്രതിഷേധം നടത്തിയ കൗൺസിലർമാരടക്കമുള്ളവർ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് വന്നു.
തുടർന്ന് കവാടത്തിൽ എൽഡിഎഫ് പ്രവർത്തകർ നടത്തിയ ധർണ സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റി അംഗം ജെനു മാത്യു അധ്യക്ഷനായി. റെജി കുരുവിള, കൗൺസിലർമാരായ പ്രദീപ് മാമൻ മാത്യൂ, ഷീജ കരിമ്പിൻ കാല, ഷിനു വി ഈപ്പൻ, ഷാനി താജ്, തോമസ് വഞ്ചിപ്പാലം, ലിൻഡാ വഞ്ചിപ്പാലം, ബിന്ദു റെജി കുരുവിള, അന്നമ്മ മത്തായി, ബിന്ദു, ശ്രീജ, റീന, ഇന്ദു ചന്ദ്രൻ , രാജി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top