21 September Saturday

അടിത്തറ ഇളകാതെ പത്തനംതിട്ട

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019
പത്തനംതിട്ട 
യുഡിഎഫ‌് സംസ്ഥാനമാകെ വിജയക്കൊടി പാറിക്കുമ്പോഴും പത്തനംതിട്ടയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ച‌് പരാജയത്തിലും തലയുയർത്തി എൽഡിഎഫ‌്. അടൂർ നിയമസഭാ മണ്ഡലത്തിൽ ഒന്നാംസ്ഥാനം നേടാനും മറ്റ‌് ആറ‌് മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും എൽഡിഎഫിനായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി നേടിയ 56,191 വോട്ടിന്റെ ഭൂരിപക്ഷം 44,613 വോട്ടിലേക്ക‌് താഴ‌്ത്താൻ കഴിഞ്ഞു. പത്തനംതിട്ട ലോക‌്‌സഭാ മണ്ഡലം രൂപീകരിച്ച‌് ആദ്യം നടന്ന 2009 ലെ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 1,11,206 ആയിരുന്നു.
20 ശതമാനം വോട്ടു മാത്രമേ എൽഡിഎഫിന‌് ലഭിക്കൂ എന്ന‌് പ്രചരിപ്പിച്ച‌് മതനിരപേക്ഷ ചിന്താഗതിക്കാരായ ഏതാനും വോട്ടർമാരെ സംശയത്തിന്റെ മുൾമുനയിലാക്കാൻ കുത്തക മാധ്യമങ്ങളുടെ അഭിപ്രായ സർവേകൾക്ക‌് കഴിഞ്ഞെങ്കിലും അഭിമാനകരമായ നേട്ടമാണ‌് എൽഡിഎഫിനുവേണ്ടി വീണാ ജോർജ‌് കൈവരിച്ചത‌്. ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി സുവർണാവസരമാക്കി വർഗീയ മുതലെടുപ്പിനെത്തിയവരുടെ കടന്നാക്രമണങ്ങളെയും മറികടന്നാണ‌് എൽഡിഎഫിന്റെ നേട്ടം. എൽഡിഎഫിനും സംസ്ഥാന മുഖ്യമന്ത്രിക്കുമെതിരെ പോർവിളിയുമായി അക്രമം നടത്തിയവർക്ക‌് അൽപ്പം വോട്ട‌് വർധിപ്പിക്കാനായെങ്കിലും ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലം ബിജെപിയെ മൂന്നാംസ്ഥാനത്തൊതുക്കി. എൽഡിഎഫ‌് മൂന്നാമതാകുന്ന കാഴ്ചകാണാൻ മുൻകൂട്ടി തയ്യാറാക്കിയ സർവേ ഫലങ്ങളുമായി വന്ന കുത്തക ചാനലുകൾക്കും തെരഞ്ഞെടുപ്പിലെ പത്തനംതിട്ടയുടെ വിധി ജാള്യമുണ്ടാക്കി. 
അടൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫിനു പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞു എന്നതാണ‌് ബിജെപിയുടെ ഏക നേട്ടം. മറ്റ‌് ആറ‌് നിയമസഭാ മണ്ഡലങ്ങളിലും അവരുടെ സ്ഥാനം മൂന്നാമതുതന്നെ.
 
 
പ്രധാന വാർത്തകൾ
 Top