16 September Monday

ജില്ലാതല പ്രവേശനോത്സവം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday May 24, 2019

 പത്തനംതിട്ട      

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കലഞ്ഞൂർ ഗവ.എൽപി, ഹയർ സെക്കൻഡറി സ്‌കൂളുകളിലായി ജൂൺ മൂന്നിന് നടത്തും. ഇതിനായി കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാർ ചെയർമാനും സമഗ്രശിക്ഷ കേരളയുടെ ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ വിജയമോഹനൻ ജനറൽ കണവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലയിലെ എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ മുഖ്യ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ഉപരക്ഷാധികാരികളുമായിരിക്കും. കലഞ്ഞൂർ ഗവ.എൽപി സ്‌കൂൾ, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ എന്നിവ സംയുക്തമായാണ് പ്രവേശനോത്സവം നടത്തുന്നത്. സ്‌കൂൾ മേലധികാരികൾ കൺവീനർമാരായി പ്രവർത്തിക്കും.
  കലഞ്ഞൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി വി ജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിദ്യാഭ്യാസ ഉപഡയറക്ടർ പി എ ശാന്തമ്മ ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസർ ഡോ.ആർ വിജയമോഹനൻ പ്രവേശനോത്സവം സംബന്ധിച്ച വിശദീകരണം നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ എസ് രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം വി ടി അജോമോൻ, പിടിഎ പ്രസിഡന്റുമാരായ കലഞ്ഞൂർ ശ്രീകുമാർ, സി രാജേഷ്‌മോൻ, വാർഡ് അംഗങ്ങളായ രമാ സുരേഷ്, സിബി ഐസക്ക്, പ്രഥമാധ്യാപകരായ സി എസ് അമൃത, വി അനിൽ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എ പി ജയലക്ഷ്മി, പി എ സിന്ധു, ബിപിഒ എൻ എസ് രാജേന്ദ്രകുമാർ,  അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പൂർവവിദ്യാർഥികൾ, വിദ്യാഭ്യാസ ഓഫീസർമാർ, മാതൃസമിതി അംഗങ്ങൾ എന്നിവർ സ്വാഗതസംഘ രൂപീകരണത്തിൽ പങ്കെടുത്തു. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവ ഉദ്ഘാടനം നടത്താൻ സംഘാടക സമിതികൾ രൂപീകരിച്ചുവരുന്നു.
 
 
 
പ്രധാന വാർത്തകൾ
 Top