03 June Saturday
തണ്ണിത്തോട്ടിൽ പ്രത്യേകസംഘം

മൃഗങ്ങൾ
വനംവിട്ട്‌ ഇറങ്ങില്ല

വെബ് ഡെസ്‌ക്‌Updated: Friday Mar 24, 2023
പത്തനംതിട്ട
സംസ്ഥാനത്ത്‌ വന്യ ജീവി ആക്രമണങ്ങൾ നിരന്തരം നേരിടുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ വനംവകുപ്പിന്റെ പ്രത്യേക സംഘങ്ങൾ രൂപീകരിച്ച്‌ സർക്കാർ ഉത്തരവ്‌. ജില്ലയിൽ ഹോട്ട്‌സ്‌പോട്ട്‌ പട്ടികയിലുള്ള റാന്നി ഫോറസ്റ്റ്‌ ഡിവിഷനിലെ തണ്ണിത്തോട്ടിലും പ്രത്യേകസംഘം പ്രവർത്തിക്കും. തണ്ണിത്തോട്‌ കട്ടച്ചിറ, ഒളികല്ല്‌ പ്രദേശങ്ങളാണ്‌ ഹോട്ട്‌സ്‌പോട്ട്‌ പരിധിയിൽ വരുന്നത്‌. നിശ്ചിത സമയത്തിനുള്ളിൽ കൂടുതൽ തവണ വന്യജീവികളുടെ ആക്രമണം, സാന്നിധ്യം, കടന്നുകയറ്റം എന്നിവ ഉണ്ടായ പ്രദേശങ്ങളാണ്‌ ഹോട്ട്‌സ്‌പോട്ടുകൾ. ഹോട്ട്സ്‌പോട്ടുകൾ ആസ്ഥാനമാക്കി വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശത്തെ മേഖലകളിലും സംഘത്തിന്റെ ഇടപെടലുണ്ടാകും.
സംഘത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കാടിനുള്ളിലേയ്‌ക്ക്‌ കടന്നാണ്‌ പ്രവർത്തനം. മൃഗ സാധ്യതയുള്ള പ്രദേശങ്ങളിൽ സംഘം എത്തുകയും ഇതുമൂലം മൃഗങ്ങൾ കൂടുതൽ ഉള്ളിലേയ്‌ക്ക്‌ പോകുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും. അങ്ങനെ മൃഗങ്ങൾ നാട്ടിലേയ്‌ക്കിറങ്ങുന്നത്‌ ഒഴിവാക്കാനാകും. പുലി, കടുവ, കാട്ടുപോത്ത്‌ തുടങ്ങിയ അക്രമകാരികളായ മൃഗങ്ങൾ കാട്‌ വിട്ടിറങ്ങുന്നത്‌ കുറയ്‌ക്കുക എന്നതും ദൗത്യ സംഘത്തിന്റെ ഉത്തരവാദിത്വത്തിൽ പെടുന്നു.
മൃഗങ്ങൾ ഇറങ്ങുന്ന മേഖലയിൽ കെണികൾ സ്ഥാപിക്കുന്നതും പ്രവർത്തനത്തിൽ പെടും. കൂടാതെ ജനങ്ങൾക്കാവശ്യമായ നിർദേശങ്ങളും നൽകും. മൂന്ന്‌ കിലോമീറ്റർ ചുറ്റളവ്‌ വരുന്ന പ്രദേശത്ത്‌ സംഘം ദൗത്യം ഏറ്റെടുക്കും. ഏപ്രിൽ ഒന്ന്‌ മുതൽ 30 വരെ സംഘം പ്രദേശത്തെ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.
റാന്നി ഡിവിഷണൽ ഫോറസ്റ്റ്‌ ഓഫീസറുടെ നേതൃത്വത്തിലാണ്‌ സംഘം പ്രവർത്തിക്കുക. കോന്നി വെറ്റിനറി വിങ്ങിലെയും സോഷ്യൽ ഫോറസ്ട്രിയിലെയും ഉദ്യോഗസ്ഥർ സംഘത്തിലുണ്ടാകും. വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവർ അംഗങ്ങളാണ്‌. 
നിരന്തരം വന്യജീവി ആക്രമണമുഉള്ള സ്ഥലങ്ങളെയാണ്‌ ഹോട്ട്സ്‌പോട്ടിൽ പെടുത്തുന്നത്‌. സംസ്ഥാനത്തെ അഞ്ച് വനം സർക്കിളുകളിലായി 20 ഹോട്ട്‌സ്‌പോട്ടുകളാണ്‌ നിലവിലുള്ളത്‌. സതേൺ സർക്കിളിന്‌ കീഴിൽ പാലോട്‌, ആര്യങ്കാവ്‌ എന്നിവിടങ്ങളാണ്‌ തണ്ണിത്തോടിന്‌ പുറമെയുള്ളവ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top