25 November Wednesday
"യെസ്‌ യുവർ ഓണർ'

സന്ധ്യ വക്കീലും അമ്മയും ഹാജരുണ്ടേ...

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 പുല്ലാട്‌

സത്യത്തിൽ സന്ധ്യ വക്കീൽ ഈ സ്ഥാനാർഥിത്വം ഒട്ടും പ്രതീക്ഷിച്ചതല്ല. കോയിപ്രം പഞ്ചായത്തിലെ എട്ടാം വാർഡ്‌ പട്ടികജാതി സംവരണമാണെങ്കിലും അവിടെ വനിതയായ തന്നെ മത്സരിപ്പിക്കാനുള്ള സിപിഐ എം തീരുമാനം ഞെട്ടിച്ചുകളഞ്ഞു. അതിന്‌ പിന്നാലെ മറ്റൊരു വാർത്തയുമെത്തി. തന്റെ അമ്മ വത്സല മല്ലപ്പുഴശേരി പഞ്ചായത്ത്‌ 10‐ ാം വാർഡിൽ സിപിഐ എം സ്ഥാനാർഥിയാണെന്നത്‌‌ വീണ്ടും ഞെട്ടിച്ചു. അധസ്ഥിത വിമോചകൻ കെ ടി കേശവൻ ശാസ്‌ത്രികളുടെ ജന്മംകൊണ്ട്‌ ധന്യമായ കുന്നന്താനത്തിന്റെ മണ്ണിൽ നിന്നാണ്‌ സന്ധ്യയുടെ വരവ്‌. കൊച്ചുപറമ്പിൽ രതീഷ്‌ കെ രവിയുടെ ഭാര്യയാണ്‌. മല്ലപ്പുഴശേരി പഞ്ചായത്തിലെ കുഴിക്കാല പ്ലാന്തോട്ടത്തിൽ പി കെ വാസുവിന്റെ മകളുമാണ്‌. അമ്മ വത്സല പട്ടികജാതി സംവരണ വാർഡിലാണ്‌ മത്സരിക്കുന്നത്‌. പി കെ വാസു ദീർഘകാലമായി സിപിഐ എം പ്രവർത്തകനും ബ്രാഞ്ച്‌ സെക്രട്ടറിയുമായിരുന്നു. 
കുഴിക്കാല എംടിഎൽപിഎസ്‌, സിഎംഎസ്‌ എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസവും കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന്‌ നിയമബിരുദവുമെടുത്തു. കെഎസ്‌എഫ്‌ഇ ചെയർമാൻ അഡ്വ. പീലിപ്പോസ്‌ തോമസിന്റെ ജൂനിയറായി പത്തനംതിട്ടയിലാണ്‌ പ്രാക്‌ടീസ്‌ ചെയ്യുന്നത്‌. 
വത്സല മല്ലപ്പുഴശേരിയിലെ കുടുംബശ്രീ പ്രവർത്തകയാണ്‌. കഴിഞ്ഞ തവണ യുഡിഎഫ്‌ വിമതൻ വിജയിച്ച വാർഡാണിത്‌. അന്ന്‌ പരാജയപ്പെട്ടത്‌ യുഡിഎഫിന്റെ മുൻ പഞ്ചായത്ത്‌ പ്രസിഡന്റാണ്‌. കോയിപ്രം എട്ടാം വാർഡിന്‌ പ്രമുഖരെ വിജയിപ്പിച്ച പാരമ്പര്യമുണ്ട്‌. അഡ്വ. പീലിപ്പോസ്‌ തോമസ്‌ വിജയിച്ച്‌ കോയിപ്രം പഞ്ചായത്ത്‌ പ്രസിഡന്റായത്‌ ഈ വാർഡിൽ നിന്നാണ്‌. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന മേരി തോമസ്‌ മാടോലിലും കോയിപ്രം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റുമാരായിരുന്ന തോമസ്‌ മാത്യുവും ശ്രീലേഖ വിജയകുമാറും ഈ വാർഡിലുള്ളവർ തന്നെ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top