30 November Monday

കോട്ട കാക്കാൻ പള്ളിക്കൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 അടൂർ 

പള്ളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഇക്കുറിയും ഇടത് കോട്ടയായി കാക്കും. പള്ളിക്കൽ പഞ്ചായത്തിലെ 23 വാർഡുകളും കടമ്പനാട് പഞ്ചായത്തിലെ ഒമ്പത്‌ വാർഡുകളും പന്തളം തെക്കേക്കര പഞ്ചായത്തിലെ ഏഴ്‌ വാർഡും തുമ്പമൺ പഞ്ചായത്തിലെ ആറ്‌ വാർഡും ഏറത്ത് പഞ്ചായത്തിലെ രണ്ട്‌ വാർഡും ഉൾപ്പെട്ട 47 വാർഡുകളാണ് ഈ ജില്ലാ പഞ്ചായത്ത് ഡിവിഷനിലുള്ളത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തോടൊപ്പം നിന്ന ഡിവിഷനാണ് പള്ളിക്കൽ ഡിവിഷൻ. അതിന് മുമ്പ് കോൺഗ്രസിനൊപ്പം നിന്ന ഡിവിഷൻ പിന്നീട് ഇടതുപക്ഷത്തെ കൈവിടാൻ തയാറായില്ല. കോൺഗ്രസ് നേതാവായിരുന്ന സുധാക്കുറുപ്പായിരുന്നു ഡിവിഷൻ രൂപീകൃതമായ ആദ്യ ജില്ലാ പഞ്ചായത്തംഗം. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തെ എ പി ജയനും ശ്രീലത രമേശും ടി മുരുകേഷും പള്ളിക്കൽ ഡിവിഷനെ പ്രതിനിധീകരിച്ചു. വനിതാ സംവരണമായ ഡിവിഷനിൽ ഇക്കുറി മികവുറ്റ സ്ഥാനാർഥിയെയാണ് എൽഡിഎഫ് രംഗത്തിറക്കിയത്.
സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പള്ളിക്കലിൽ എൽഡിഎഫ്‌ സ്ഥാനാർഥി. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി അംഗം, ഐപ്സൊ ദേശീയ കൗൺസിലംഗം, എൻഎഫ്‌ഐഡബ്ല്യു യംഗ് വിമൺസ് ഫോറം ദേശീയ കൗൺസിൽ അംഗം, യുവകലാ സാഹിതി ജില്ലാ കമ്മറ്റിയംഗം, മഹിളാസംഘം ജില്ലാ കമ്മിറ്റിയംഗം, എഐവൈ എഫ്അടൂർ മണ്ഡലം കമ്മറ്റിയംഗം, പരിസ്ഥിതി പ്രവർത്തക എന്നീ നിലകളിൽ ശ്രദ്ധേയ സാന്നിധ്യം. 
വെള്ളച്ചിറ ആരോഗ്യ മാതാ സ്‌കൂളിലും കടമ്പനാട് വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം ആരംഭിച്ച ശ്രീനദേവി, കടമ്പനാട് ഗേൾസ് ഹൈസ്ക്കൂളിലാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബിടെക് പൂർത്തിയാക്കി.നിലവിൽ ഏറത്ത് പഞ്ചായത്തിലെ തുവയൂർവടക്ക് ആണ് താമസം. യുഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ സുധാക്കുറുപ്പാണ് മത്സരിക്കുന്നത്. ആദ്യ തവന്ന ജില്ലാ പഞ്ചായത്തംഗമായി മത്സരിച്ച്‌  വിജയിച്ചെങ്കിലും 2010ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ശ്രീലതാ രമേശിനോട് പരാജയപ്പെട്ടു. ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് മലമേക്കര സ്വദേശിനി ജി ശ്രീകുമാരിയാണ്. ബിജെപി അടൂർ മണ്ഡലം സെക്രട്ടറിയാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top