30 November Monday

നാട്ടുകാരുടെ മോഹനൻ കൊച്ചാട്ടൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

 കോന്നി 

പ്രമാടം പഞ്ചായത്ത് ഒന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി കെ എം മോഹനൻ നാട്ടുകാർക്ക്‌ മോഹനൻ കൊച്ചാട്ടനാണ്‌. മോഹനൻ മെമ്പർ എന്നും വിളിക്കുന്ന ഇദ്ദേഹം മൂന്ന് തവണ പഞ്ചായത്തംഗമായിരുന്നു. 12 വർഷമായി ദേശാഭിമാനി ഏജന്റും വിതരണക്കാരനും ആണ്. പുലർച്ചെ 4 മണിക്ക് പൂങ്കാവ് ജങ്‌ഷനിൽ നിന്ന് പത്രക്കെട്ട് എടുത്ത് 326 വീടുകളിൽ ദേശാഭിമാനി പത്രം വിതരണം ചെയ്യും. എല്ലാ പത്ര വിതരണക്കാരെ പോലെ വിതരണം ചെയ്തതിനു ശേഷം വീട്ടിൽ പോവുകയല്ല. പത്രവിതരണത്തിനിടയിൽ ആരെങ്കിലും എന്തെങ്കിലും പ്രശ്നം ഉന്നയിച്ചാൽ അവരെ സ്കൂട്ടറിന്റെ പുറകിൽ കയറ്റി അവരുടെ കാര്യം നടത്തി കൊടുത്തതിനു ശേഷമേ വീട്ടിൽ പോകാറുള്ളു. അതിനിടയിൽ വല്ലതും കഴിച്ചാലായി. 
12 വർഷമായി പത്രവിതരണമായിരുന്നെങ്കിൽ അതിനു മുമ്പ്‌‌ പശുവിനെ കറന്ന് പുലർച്ചെ പാലുമായി പൂങ്കാവിലെത്തുന്ന മോഹനൻ മെമ്പർ ജനങ്ങളുടെ എല്ലാ പ്രശ്നവും പരിഹരിച്ച് രാത്രിയിലാണ് വീട്ടിലെത്തുന്നത്. കഴിഞ്ഞ നാലു പതിറ്റാണ്ടായി പൊതുരംഗത്തുള്ള മോഹനന് ജനങ്ങളുടെ വിവിധങ്ങളായ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുന്നത് ഒരു ലഹരിയാണ്. ക്ഷേമനിധിയായാലും പഞ്ചായത്ത് വിഷയമായാലും പൊലീസ് സ്റ്റേഷൻ വിഷയമായാലും ,മോഹനൻ്റെ സ്കൂട്ടറിനും ഫോണിനും വിശ്രമമില്ല. 
ഡിവൈഎഫ്ഐയിലൂടെ പൊതു രംഗത്ത് എത്തിയ കെ എം മോഹനൻ 25 മത്തെ വയസിൽ പ്രമാടം ലോക്കൽ സെക്രട്ടറിയായി. വിവിധ സമയങ്ങളിലായി 18 വർഷം ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചു. നിർമവണ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ  സെക്രട്ടറി, കെ എസ് കെ ടി യു ഏരിയ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു .നിലവിൽ 19ാം വാർഡ് മെമ്പറായിരുന്നു. സിപിഐ എം കോന്നി ഏരിയ കമ്മിറ്റിയംഗവും എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറിയുമാണ്. മുൻ പഞ്ചായത്തംഗം ശോഭനകുമാരിയാണ് ഭാര്യ.  എസ് എഫ് ഐ മുൻ സംസ്ഥാന കമ്മിറ്റിയവും ഡിവൈഎഫ്ഐ കോന്നി ബ്ലോക്ക് ജോയിന്റ്‌ സെക്രട്ടറിയുമായ അഖിൽ മോഹനൻ ഏക മകനാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top