10 October Thursday
ഒന്നര മാസത്തിൽ 6,000 പേർ

ബിഎസ്‌എൻഎല്ലിലേക്ക്‌ തിരികെ

ശരൺ ചന്ദ്രൻUpdated: Friday Aug 23, 2024
പത്തനംതിട്ട
സ്വകാര്യ സേവനദാതാക്കളുടെ നിരക്ക്‌ വർധനയിൽ നേട്ടംകൊയ്‌ത്‌ ബിഎസ്‌എൻഎൽ. സ്വകാര്യ കമ്പനികൾ നിരക്ക്‌ കുത്തനെ ഉയർത്തിയതോടെയാണ്‌ ബിഎസ്‌എൻഎല്ലിനോടുള്ള പ്രിയം ഏറുന്നത്‌. ദിവസവും സ്വകാര്യ സേവനദാതാക്കളെ വിട്ട്‌ ബിഎസ്‌എൻഎല്ലിലേക്ക്‌ എത്തുന്നവരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഒന്നര മാസത്തിൽ  ജില്ലയിൽ ആറായിരത്തിലധികം ഉപയോക്‌താക്കളാണ്‌ ബിഎസ്‌എൻഎൽ സേവനങ്ങളിലേക്ക്‌ തിരികെയെത്തിയത്‌.
സ്വകാര്യ കമ്പനികൾ നിരക്ക്‌ വർധിപ്പിക്കുംമുമ്പ്‌ ജില്ലയിൽ 4.5 ലക്ഷത്തോളം പേരാണ് ബിഎസ്‌എൻഎല്ലിന്‌ ഉണ്ടായിരുന്നത്‌. ഇതിൽ തന്നെ 2500ലധികം കണക്ഷൻ മറ്റ്‌ സേവനദാതാക്കളെ വിട്ട്‌ വന്നവരാണ്‌. മുൻമാസങ്ങളിൽ ബിഎസ്‌എൻഎൽ കണക്ഷൻ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുതലായിരുന്നു. ഇപ്പോൾ അതും കുറഞ്ഞു. ഡാറ്റ, കോൾ എന്നിവയ്‌ക്ക്‌ കുറഞ്ഞ നിരക്ക്‌ പ്രഖ്യാപിച്ചതും ഇന്റർനെറ്റിന്റെ വേഗം വർധിപ്പിച്ചതും സാധാരണക്കാരെ ബിഎസ്‌എൻഎല്ലിനോട്‌ വീണ്ടും അടുപ്പിച്ചു. ജൂലൈ ആദ്യം മുതലാണ്‌ റിലയൻസ്‌ ജിയോ, എയർടെൽ, വിഐ എന്നിവ നിരക്ക്‌ കൂട്ടിയത്‌. 2-0 മുതൽ 30 ശതമാനംവരെയായിരുന്നു നിരക്ക്‌ വർധന.
ആർക്കും താങ്ങാവുന്ന 
നിരക്ക്‌ 
മറ്റുള്ളവയെ അപേക്ഷിച്ച്‌ 4ജി സേവനത്തിന്‌ കുറഞ്ഞ നിരക്കാണ്‌ ബിഎസ്‌എൻഎല്ലിന്റേത്‌. ദിവസം ഒരു ജിബി ഡാറ്റയുള്ള 28 ദിവസ പ്ലാനിന്‌ 108 രൂപയാണ്‌. മറ്റ്‌ ടെലികോം ഓപ്പറേറ്റർമാർ സമാന പ്ലാനിന്‌ 249 –- 299 രൂപ വരെ ഈടാക്കുന്നു. നിലവിൽ 3ജി സിം ഉള്ളവർക്ക്‌ 4ജിയിലേക്ക്‌ സൗജന്യമായി മാറാനുമാകും. 
സിം 4ജിയോ 3ജിയോ എന്നറിയാൻ 9497979797 എന്ന നമ്പറിലേക്ക്‌ മിസ്‌ഡ്‌ കോൾ ചെയ്‌താൽ മതി. മൊബൈൽ കണക്ഷനോടൊപ്പം ബിഎസ്‌എൻഎൽ ഫൈബർ കണക്ഷനും സ്വീകാര്യത ഏറുകയാണ്‌. നിരവധിയാളുകളാണ്‌ ഫൈബർ കണക്ഷൻ സ്വന്തമാക്കുന്നത്‌. നിലവിൽ 61,500 ഫൈബർ കണക്ഷനുകളും ജില്ലയിലുണ്ട്‌. ഇതിൽ 14,000 എണ്ണം ഉദ്യമി പദ്ധതി പ്രകാരമുള്ള കണക്ഷനാണ്‌.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top