21 September Saturday

പുളിക്കീഴിലെ വീടുകൾക്ക്‌ "ഭയങ്കര ലൈഫാ'

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019

തിരുവല്ല കടപ്ര പുളിക്കീഴിലെ വെള്ളപ്പൊക്കത്തെ അതിജീവിച്ച ലൈഫ് വീടുകൾ

പത്തനംതിട്ട

വെള്ളപ്പൊക്കത്തിൽ പമ്പാ നദി കരകവിഞ്ഞൊഴുകി തിരുവല്ല കടപ്ര പുളിക്കീഴിലെ സീറോലാൻഡ്ലെസ് കോളനിയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയെങ്കിലും ലൈഫ് മിഷൻ പദ്ധതിയിൽ നിർമിച്ച 11 വീടുകളും പ്രളയത്തെ അതിജീവിച്ചു.

കഴിഞ്ഞ വർഷത്തെ മഹാപ്രളയം തന്നുപോയ പാഠങ്ങളാണ് ഈ അതിജീവനത്തിന് സഹായിച്ചത്. കഴിഞ്ഞ പ്രളയത്തിൽ ആകെ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ  വീടുകളിൽ ചെറിയ വെള്ളപ്പൊക്കത്തിൽപ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇതു കണക്കിലെടുത്ത്  സീറോ ലാൻഡ്ലെസ് കോളനിയിലെ ലൈഫ് വീടുകൾ തറയിൽ നിന്നും ആറടിവരെ ഉയരമുള്ള തൂണുകളിലാണ് നിർമിച്ചിരിക്കുന്നത്. രണ്ടുമുറികൾ, അടുക്കള, ഹാൾ, സിറ്റൗട്ട്, ടോയ്‌ ലറ്റ് എന്നിവയടങ്ങുന്ന വീടിന്റെ നിർമാണത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവായത്. 

ലൈഫ് പദ്ധതിയിൽ നിന്നും നൽകിയ നാലു ലക്ഷം രൂപയും ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേഷൻസ് (ഫോമ) നൽകിയ രണ്ടു ലക്ഷം രൂപയും തണൽ എന്ന സന്നദ്ധ സംഘടന നൽകിയ ഒരു ലക്ഷം രൂപയും ചേർത്താണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ എല്ലാ പണികളും തീർത്ത് കൈമാറിയത്. തണലിന്റെ പ്രവർത്തകരാണ് ഭവനനിർമാണത്തിന് മേൽനോട്ടം വഹിച്ചത്.

ഇത്തവണത്തെ പ്രളയത്തിലും ഈ  പ്രദേശത്തെ മറ്റു വീടുകളിൽ വെള്ളം കയറിയെങ്കിലും ആറടി ഉയരത്തിൽ നിർമിച്ച വീടുകളിലേക്ക് കയറാനുള്ള പടികൾ വരെ മാത്രമേ മുങ്ങിയുള്ളു. അതിനാൽ ഈ കുടുംബങ്ങൾക്ക് ഒന്നും ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നില്ല.

ഫോമയും തണലും ചേർന്ന് ഈ പ്രദേശത്ത് നിർമിച്ചു നൽകിയ മറ്റ് 21 വീടുകളും പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിർമിച്ചിട്ടുള്ളത്. റീബിൽഡ് കേരള പദ്ധതിയിൽ പ്രളയബാധിതർക്കായി മുത്തൂറ്റ് ഗ്രൂപ്പ് നിർമിച്ചുനൽകുന്ന 15 വീടുകളും ഈ മാതൃകയിൽ പണിയുന്നുണ്ട്.

 

 

പ്രധാന വാർത്തകൾ
 Top