പത്തനംതിട്ട
ഇലവുംതിട്ട പൊലീസ് സ്റ്റേഷന്റെ അതിർത്തി പുനർനിർണയിച്ച് സർക്കാർ ഉത്തരവായി. പുതിയതായി ആരംഭിച്ച ഇലവുംതിട്ട സ്റ്റേഷന്റെ അധികാരപരിധിയായി നിശ്ചയിച്ചിരുന്നത് മെഴുവേലി, ചെന്നീർക്കര, കുളനട പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളാണ്. പന്തളം വലിയപാലം മുതൽ മാന്തുക വരെയുള്ള ഭാഗവും ഞെട്ടൂർ, കൈപ്പുഴ, പനങ്ങാട് തുടങ്ങിയ ഭാഗങ്ങളും പന്തളം സ്റ്റേഷന്റെ പരിധിയിൽ നിന്നും വേർപെടുത്തി ഇലവുംതിട്ട സ്റ്റേഷന്റെ കീഴിലാക്കിയിരുന്നു. പന്തളം സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയുള്ള പന്തളം വലിയ പാലത്തിൽ അപകടം ഉണ്ടായാൽ 15 കിലോമീറ്റർ അകലെനിന്നും ഇലവുംതിട്ട പൊലീസെത്തേണ്ട സ്ഥിതിയുണ്ടായിരുന്നു. ഇത് ജനങ്ങൾക്ക് പൊലീസ് സേവനം എത്തിക്കുന്നതിന് കാലതാമസം വരാൻ ഇടയാക്കി. പ്രായോഗിക ബുദ്ധിമുട്ട് ബോധ്യപ്പെട്ടാണ് സർക്കാർ ഇലവുംതിട്ട, പന്തളം സ്റ്റേഷനുകളുടെ അതിർത്തികൾ പുനക്രമീകരിച്ച് ഉത്തരവിറക്കിയത്. ഇനിമുതൽ കുളനട വില്ലേജിൽപ്പെട്ട മാന്തുക, കൈപ്പുഴ, ഞെട്ടൂർ, പനങ്ങാട് പ്രദേശങ്ങൾ പന്തളം സ്റ്റേഷന്റെ അധികാരപരിധിയിലായിരിക്കും. മുകളിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ താമസിക്കുന്നവർ ഇനിമുതൽ പൊലീസ് സേവനത്തിനായി പന്തളം സ്റ്റേഷനെ സമീപിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..