06 July Wednesday
കുടിയേറ്റക്കാലത്തെ ഓർമകളുമായി കർഷകർ

ഇനി എങ്ങോട്ട് പോകാനാ...

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

വില്ലൂന്നിപ്പാറ സ്വദേശി എം കെ രാഘവൻ

ചിറ്റാർ 
65 വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ മൺപിലാവിലെത്തിയത്. ഇപ്പോൾ 95 വയസ്സ്.  ഇലന്തൂരിൽ നിന്നാണ് എത്തിയത്.  അന്ന് വണ്ടിയോ വള്ളമോ വല്ലോം ഉണ്ടോ..?
ചിറ്റാർ വില്ലൂന്നിപ്പാറ വാഴൂരേത്ത് വീട്ടിൽ എം കെ രാഘവൻ ഓർക്കുന്നു ആ കുടിയേറ്റ കാലം...
രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ കാലമാണന്ന്. നാട്ടിലാകെ കൊടിയ ദാരിദ്ര്യം. കിഴക്കൻ മല കയറി കരകൃഷി ചെയ്തോളാൻ സർക്കാരിന്റെ  നിർദേശം വന്നതിനെ തുടർന്നാണ് ഞങ്ങളുടെ വരവ്.  ഇലന്തൂരിൽ നിന്ന് നടന്ന് വടശ്ശേരിക്കരയിലെത്തി രാത്രി അവിടെ കഴിച്ചുകൂട്ടും. വടശ്ശേരിക്കരയിൽ ഇന്നു കാണുന്ന പാലമൊന്നും അന്നില്ല. കടത്തുകയറി പിറ്റേ ദിവസം നടപ്പു തുടരും.  അങ്ങനെ രണ്ടും മൂന്നും ദിവസമെടുത്താണ് ഇവിടെ എത്തുന്നത്.
രണ്ടു വർഷം കരകൃഷി ചെയ്തിട്ട് ഇറങ്ങണം എന്ന കർശന നിബന്ധനയോടെയാണം സർക്കാർ ജനങ്ങളെ ഇവിടെ പ്രവേശിപ്പിച്ചത്. വാഴയും കപ്പയും ഒന്നും കൃഷി ചെയ്യാൻ സമ്മതിക്കുകയില്ലായിരുന്നു. അങ്ങനെ വനമേഖലയിലെ തെളിഞ്ഞ ഭാഗത്ത് കരനെൽകൃഷി  ആരംഭിച്ചു.
രണ്ടു വർഷം കഴിഞ്ഞപ്പോഴേക്ക് പതിയെ കപ്പയും വാഴയും മറ്റും കൃഷികളും ആരംഭിച്ച്  ഞങ്ങൾ ജീവിതം പതിയെ നട്ടുനനയ്ക്കാന്‍  തുടങ്ങി.  ഈ സമയം കുടിയേറിയ കർഷകരെ ഇറക്കിവിടാൻ വനം വകുപ്പ്  നീക്കവും ആരംഭിച്ചു. പലതവണ ഞങ്ങളുടെ കുടിലുകൾ  തകർത്തു,  തീയിട്ട് നശിപ്പിച്ചു.
ഇതിനെതിരെ കർഷകർ സംഘടിച്ച് ചെറുത്തുനിന്നു. കർഷക സമരങ്ങൾ രൂപപ്പെട്ടു.  ഫോറസ്റ്റുകാരുമായുള്ള ഏറ്റുമുട്ടൽ, സംഘർഷം, അറസ്റ്റ്, ജയിൽ നിറയ്ക്കൽ സമരം, ജയിൽവാസം ഉൾപ്പെടെയുള്ള പോരാട്ടങ്ങൾ... അവസാനം സർക്കാർ നിയോഗിച്ച കമീഷൻ വന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി  താല്ക്കാലിക പട്ടയവും പിന്നെ സ്ഥിരം പട്ടയവും  ലഭിച്ചു.
കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും പൊരുതി ഈ മണ്ണിൽ പൊന്നുവിളയിച്ച ഞങ്ങൾ ഇനി എങ്ങോട്ടു പോകാനാ. കോടതി വിധി വന്നതതറിഞ്ഞു. വനമേഖലയോട് ചേർന്ന് ഇവിടെ ആയിരക്കണക്കിന് കുടുംബങ്ങൾ കൃഷി ചെയ്ത് താമസിക്കുന്നു. വനമേഖലയ്ക്ക് പുറത്ത് ഒരു കാരണവശാലും പരിസ്ഥിതിലോല നിയമങ്ങൾ നടപ്പാക്കരുതെന്നാണ് ഇവിടത്തുകാർക്ക് പറയാനുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top