06 August Friday
റാന്നിയിൽ സ്നേഹസാന്ത്വനം 20,000 കടന്നു

ചേർത്തു പിടിക്കാൻ ഡിവൈഎഫ്ഐ

സ്വന്തം ലേഖകൻUpdated: Wednesday Jun 23, 2021

സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജൂ ഏബ്രഹാം ഡിവെെഎഫ്ഐ പഴവങ്ങാടി മേഖലാ സെക്രട്ടറി 
ലിബിൻ ലാൽ വർഗീസിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങുന്നു

റാന്നി
ഡിവൈഎഫ്ഐ പഴവങ്ങാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴവങ്ങാടിയിലെ എല്ലാ വാർഡിൽ നിന്നുള്ള 1001 വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തുടങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം രാജൂ ഏബ്രാഹാം പഴവങ്ങാടി മേഖലാ സെക്രട്ടറി ലിബിൻ ലാൽ വർഗീസിൽ നിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. റാന്നി ബ്ലോക്ക് സെക്രട്ടറി വത്സകുമാർ അങ്ങാടി, പ്രസിഡന്റ് ജിതിൻ രാജ്, സിപിഐ എം പഴവങ്ങാടി ലോക്കൽ സെക്രട്ടറി കെ കെ സുരേന്ദ്രൻ  ഡിവൈഎഫ്ഐ നേതാക്കളായ വർഗീസ്‌ താഴത്തേതിൽ, ആശിഷ് എബി, അജിത്ത് ഏണസ്റ്റ്, ടോജോ മോൻസി, റിന്റോ മോനായി, ജേക്കബ് മാത്യു, ബോബി ഏബ്രഹാം തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് കമ്മിറ്റിയുടെ പരിധിയിലെ വിവിധ മേഖലകളിൽ നടന്ന സേവന സഹായ പ്രവർത്തനങ്ങളുടെ ആകെ എണ്ണം ഇരുപതിനായിരത്തിന് മുകളിലായി.
ലോക്‌ഡൗൺ ആരംഭിച്ചത് മുതൽ അവസാനിച്ചത് വരെ റാന്നി താലൂക്ക് ആശുപത്രിയിലേക്കുള്ള ഓക്സിജൻ സിലിണ്ടറുകൾ ഏജൻസിയിൽ നിന്ന് എത്തിക്കാൻ രണ്ട് പിക്ക് അപ്പ് വാനുകൾ ബ്ലോക്ക് കമ്മിറ്റി 24 മണിക്കൂർ സേവനം സജ്ജമാക്കി നൽകിയിരുന്നു. താലൂക്ക് ആശുപത്രിയിലെ സൗജന്യ ഭക്ഷ്യ വിതരണം മുടങ്ങിയ സാഹചര്യത്തിൽ തുടർച്ചയായി 43 ദിവസം നൂറിൽ പരം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി ജീവനക്കാർക്കും ഉച്ചക്കും വൈകിട്ടും സൗജന്യമായി മേഖല കമ്മിറ്റികൾ മുഖേന വിതരണം ചെയ്തു.
കോവിഡ് ബാധിച്ചും ബ്ലാക്ക് ഫംഗസ് ബാധിച്ചും മരിച്ച  24 പേരുടെ സംസ്കാരം വിവിധ മേഖലകളിൽ നടത്തി. ലോക്ക്ഡൗണിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നവർക്കായി 3250 പച്ചക്കറി കിറ്റുകൾ, 2460 പലവ്യഞ്ജന കിറ്റുകൾ,522 അരി കിറ്റുകൾ,1800 കുടുംബങ്ങൾക്ക് പച്ചക്കപ്പ, മൊബൈൽ ഡാറ്റയും മൊബൈൽ ഫോണും മറ്റു പഠനോപകരണങ്ങളും അടക്കം 2309 വിദ്യാർഥികൾക്ക്  നൽകി. ഡോക്ടർമാരുടെയും മറ്റു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിർദേശ പ്രകാരം 380 പേർക്ക്‌ അവശ്യ മരുന്നുകളും അത്തരം വീടുകളിൽ കന്നുകാലികൾക്കുള്ള പുല്ലും വിറകില്ലാത്ത വീടുകളിൽ വിറക് വെട്ടിക്കീറി നൽകാനും  പ്രവർത്തകർ രംഗത്തുണ്ടായിരുന്നു. ക്വാറന്റൈൻ അവസാനിച്ച 205 വീടുകൾ അണുവിമുക്തമാക്കി. റാന്നി പട്ടണത്തിലും അനുബന്ധ ടൗണുകളിലും 1070 കടകളും, സർക്കാർ സ്ഥാപനങ്ങളും അണുവിമുക്തമാക്കി. 28 സ്നേഹവണ്ടികൾ  സജ്ജമാക്കിയിരുന്നു. താലൂക്ക് ആശുപത്രിയിലേക്കുള്ള ഓക്സിജൻ എത്തിച്ചിരുന്ന  പ്രവർത്തകൻ ജോബി ഇപ്പോൾ കോവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. രാപ്പകലില്ലാതെ പ്രവർത്തിച്ച  എല്ലാ പ്രവർത്തകരോടും സഹകരിച്ച എല്ലാ സുമനസുകളോടും നന്ദി അറിയിക്കുന്നതായി  റാന്നി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വത്സകുമാർ അങ്ങാടിയും പ്രസിഡന്റ് ജിതിൻ രാജും അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top