22 August Thursday

ദീര്‍ഘദൂര ബസുകളില്‍ സ‌്ത്രീ സുരക്ഷ ഉറപ്പാക്കണം: വനിതാ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

 

കോട്ടയം
ദീർഘദൂര ബസുകളിൽ യാത്രചെയ്യുന്ന സ‌്ത്രീകൾക്ക് സുരക്ഷയും പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങളും ഉറപ്പുവരുത്തുന്നത‌് സംബന്ധിച്ച ശുപാർശ സംസ്ഥാന വനിതാ കമീഷൻ ജൂലൈ നാലിന് സർക്കാരിന് സമർപ്പിക്കും. അന്തർ സംസ്ഥാന ബസുകളിൽ സ‌്ത്രീകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതികൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ ഇടപെട്ടതെന്ന് കോട്ടയത്തു നടന്ന അദാലത്തിനുശേഷം അംഗങ്ങൾ പറഞ്ഞു. യാത്രക്കാരിക്കു നേരെ പീഡനശ്രമമുണ്ടായതു സംബന്ധിച്ച കേസിൽ കല്ലട ട്രാവൽസ് ഉടമയെ ജൂലൈ നാലിന് കമീഷൻ ആസ്ഥാനത്ത് വിസ്തരിക്കും.   
 വ്യാജ സന്ദേശമയച്ച‌് 50,000 രൂപ തട്ടിയെടുത്ത ഫെയ്സ്ബുക്ക് സുഹൃത്തിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് വീട്ടമ്മ നൽകിയ പരാതി അദാലത്തിൽ പരിഗണിച്ച കമീഷൻ അന്വേഷണത്തിനായി സൈബർ സെല്ലിന് കൈമാറി. വിദേശ കമ്പനി വീട്ടമ്മക്ക‌് സമ്മാനമായി അയച്ച സാധന സാമഗ്രികൾ ഡൽഹി വിമാനത്താവളത്തിൽ എത്തിയിട്ടുണ്ടെന്നും കസ്റ്റംസ് ക്ലിയറൻസ് നടത്തി വീട്ടിലെത്തിക്കാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 
85 കേസുകൾ പരിഗണിച്ച കമീഷൻ 17 കേസുകൾ തീർപ്പാക്കി. ഏഴു പരാതികൾ കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറി. 31 എണ്ണം ജൂലൈ എട്ടിനു നടക്കുന്ന അദാലത്തിൽ പരിഗണിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമീഷനംഗം ഇ എം രാധ, അഡ്വ. ഷിജി ശിവജി, കമീഷൻ ഡയറക്ടർ വി യു കുര്യാക്കോസ്, കമീഷൻ സൂപ്രണ്ട് വൈ അനി  എന്നിവർ പങ്കെടുത്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top