16 June Sunday

പഴുതടച്ച സുരക്ഷയൊരുക്കി പൊലീസ്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

 പത്തനംതിട്ട

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ആക്രമ സംഭവങ്ങൾ ഒഴിവാക്കാൻ കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികളുമായി ജില്ലാ പൊലീസ്. ക്രമസമാധാന നിയന്ത്രണത്തിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രത്യേക തെരഞ്ഞെടുപ്പ് നിയന്ത്രണ കേന്ദ്രം ആരംഭിച്ചു. മുഴുവൻ പൊലീസ് സേനാംഗങ്ങളോടും അവധി ഒഴിവാക്കി ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകി. മുമ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ നടത്തിയവരെയും, ശിക്ഷ കഴിഞ്ഞിറങ്ങിയവരെയും പ്രത്യേകം നിരീക്ഷിക്കും. ഷാഡോ പൊലീസിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ പ്രകടനങ്ങളും വീഡിയോ റെക്കോർഡ് ചെയ്യാനും ചെറിയ അക്രമ സംഭവങ്ങളിലും കർശന നടപടിയെടുക്കാനും നിർദേശം നൽകി.  ഏഴ് മണ്ഡലങ്ങളിലെയും വോട്ടുകൾ എണ്ണുന്ന ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ സിആർപിഎഫ്, സായുധസേന, ലോക്കൽ പൊലീസ് ഉൾപ്പെടെ 1200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. അക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയതും, മുൻപ് തെരഞ്ഞെടുപ്പ് അതിക്രമങ്ങൾ ഉണ്ടായതുമായ കേന്ദ്രങ്ങളിൽ പ്രത്യേക പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. അതീവ പ്രശ്‌നസാധ്യത ഉള്ളതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേന്ദ്രങ്ങളിൽ സായുധസേനയുടെ സ്‌ട്രൈക്കിങ‌് ടീം ഉണ്ടാകും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്  പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിന് 100 മീറ്റർ ചുറ്റളവ് വാഹന ഗതാഗത നിരോധന മേഖലയായി പ്രഖ്യാപിച്ചു. പാർക്കിങിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളതായും, രാഷ്ട്രീയപാർട്ടികൾക്ക് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. 
പൊലീസിന്റെ മുൻകൂട്ടിയുള്ള  അനുമതിയില്ലാതെ പ്രകടനങ്ങൾ നടത്താൻ പാടില്ല. ചരക്കുവാഹനങ്ങൾ, തുറന്ന ലോറികൾ തുടങ്ങിയവയിൽ ആളുകളെ കൊണ്ടുപോകുന്നതും പ്രകടനങ്ങൾ നടത്തുന്നതും അനുവദിക്കില്ല. അത്തരം സംഭവങ്ങൾ ഉണ്ടായാൽ വാഹനങ്ങളുടെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമനടപടികൾ കൈക്കൊള്ളും. അതിരുവിട്ടുള്ള ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല. പ്രകടനങ്ങൾക്കിടയിലോ മറ്റോ ആക്രമണങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.  ഗതാഗത തടസമുണ്ടാകും  വിധമോ  പൊതുജന സഞ്ചാരത്തിന് വിഘ്‌നമുണ്ടാക്കുന്ന തരത്തിലോ പ്രകടനങ്ങൾ അനുവദിക്കില്ല. ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ചുള്ള റാലികളും അനുവദനീയമല്ലെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top