19 March Tuesday
എൽഡിഎഫ്‌ സർക്കാരിന്റെ ആയിരംദിനാഘോഷം

ഇടത്താവളത്തിലേക്ക് വന്നോളൂ... ഹരിതഭവനം ഇവിടെ തയ്യാർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ഹരിതകേരള മിഷൻ ഒരുക്കിയിരിക്കുന്ന ഹരിതഭവനത്തിന്റെ മാതൃക

 പത്തനംതിട്ട

പ്രകൃതി സൗഹാർദ്ദമായി ഒരു വീട് എങ്ങനെ പണിയാം? അറിയണമെങ്കിൽ ശബരിമല ഇടത്താവളത്തിലേക്ക് വന്നോളൂ... സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ചാണ് ശബരിമല ഇടത്താവളത്തിൽ ഹരിതകേരള മിഷൻ ഹരിതഭവനത്തിന്റെ മാതൃക സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. മാലിന്യ നിർമ്മാർജനത്തിനും ജൈവ കൃഷിക്കും മുൻതൂക്കം നൽകിയാണ് ഇത്തരമൊരു പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രകൃതിയോടിണങ്ങി ജീവിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഒരു ഹരിതഭവനവും വീട്ടുവളപ്പിൽ മാലിന്യസംസ്‌കരണത്തിനും കൃഷിക്കും ഇടവും കണ്ടെത്തിയിരിക്കുന്നു.  ബയോഗ്യാസ്, ബയോ ബിൻ ,കിച്ചൺ ബിൻ, കലം കമ്പോസ്റ്റ് എന്നിവയിൽ ഏതെങ്കിലുമൊന്നാണ് മാലിന്യ സംസ്‌കരണത്തിനായി നിർദേശിക്കുന്നത്. കൂടാതെ, മാലിന്യസംസ്‌കരണം, ജൈവകൃഷി, വീട്ടുവളപ്പിലെ പച്ചക്കറി കൃഷി, കീടനാശിനി വിമുക്തകൃഷി, വനസമ്പത്തും ജലസമ്പത്തും സംരക്ഷിക്കലും വ്യാപ്തി വർധിപ്പിക്കലും തുടങ്ങിയ അടിയന്തര ആവശ്യങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. വെള്ളം കാര്യക്ഷമമായി ഉപയോഗിച്ച് കൊണ്ടുള്ള തിരി നനയുടെ നൂതന മാതൃകയും ഇതിൽ പരിചയപ്പെടുത്തുന്നു. മഴ മറ സംവിധാനം മാതൃകയായി കാണിച്ചിട്ടുണ്ട്. സംയോജിത കൃഷിയുടെ ഭാഗമായി പച്ചക്കറി കൃഷിയോടു ചേർന്ന് മീൻ കുളവും, തേനീച്ച കൃഷിയും, കോഴി, ആട് എന്നിവയുടെ പരിപാലനവും ഉൾപ്പെടുത്തുന്നതിന്റെ മാതൃക കാണാം. ജല സംരക്ഷണത്തിന്റെ ഭാഗമായി കിണർ റീചാർജ് ചെയ്യാൻ സൗകര്യം, മഴവെള്ള സംഭരണി, പച്ചക്കറി കൃഷിക്കായുള്ള തിരിനന സംവിധാനം എന്നിവ ഒരുക്കിയിരിക്കുന്നു.ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള കലം കമ്പോസ്റ്റും, അജൈവ മാലിന്യം തരം തിരിക്കാനുള്ള സംവിധാനവും ഈ ഹരിത ഭവനത്തിൽ കാണാൻ കഴിയും. ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പൂർണമായും സോളാർ  കൊണ്ട് പ്രവർത്തിപ്പിക്കുന്ന ലൈറ്റുകൾ കൊടുത്തിരിക്കുന്നു. ഹരിതകേരളം മിഷൻ ആർപിയും കൃഷിവിദഗ്ധനുമായ ജോഷി ജോസഫ് ഹരിത ഭവനം നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകി. കൃത്രിമ ഊർജ സ്രോതസുകളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും കെട്ടിടങ്ങളെ പ്രകൃതിയോട് അടുപ്പിക്കുകയാണ് ഹരിത ഭവനത്തിന്റെ മറ്റൊരു ലക്ഷ്യം. കൂടാതെ വീട്ടുവളപ്പിൽ ജൈവപച്ചക്കറി കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉചിതമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ആർ രാജേഷ് പറഞ്ഞു.  
 
 
പ്രധാന വാർത്തകൾ
 Top