24 March Friday
വേനല്‍ 
കനക്കുന്നു

പമ്പയില്‍ ജലനിരപ്പ് 
താഴേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

 റാന്നി 

പമ്പാ നദിയില്‍ ജലനിരപ്പ് താഴ്‌ന്നതോടെ വിവിധ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാവുന്നു. വേനല്‍ കനത്തതോടെ നദിയില്‍ പലയിടത്തും മണല്‍ തെളിഞ്ഞ് നീരൊഴുക്ക്‌ ഒരു ഭാഗത്തുകൂടി മാത്രമായി. പദ്ധതി കിണറുകളില്‍ ജലവിതരണത്തിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. മലയോര മേഖലകളില്‍ ജലക്ഷാമം രൂക്ഷമാവുന്നു. രണ്ടാഴ്ചയിലൊരിക്കലാണ് പല മേഖലകളിലും വെള്ളമെത്തുന്നത്. പല വീടുകളിലും വെള്ളം വില കൊടുത്ത് വാങ്ങാന്‍ തുടങ്ങി. കിണറുകളും വറ്റി തുടങ്ങി.
പമ്പ് ഹൗസിന് സമീപം നദിയില്‍ തടയണകള്‍ നിര്‍മിച്ച സ്ഥലത്ത് മാത്രമാണ്  കാര്യമായ പ്രതിസന്ധിയില്ലാത്തത്.  അണക്കെട്ടുകളില്‍  വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് തള്ളുന്ന വെള്ളമാണിപ്പോള്‍ ആശ്വാസം. രാവിലെ ഏതാനും മണിക്കൂറുകള്‍ ഇതുപയോഗിച്ച് പമ്പിങ് നടക്കും. ഉച്ചയ്‌ക്ക് ശേഷം നദി വറ്റിവരണ്ട നിലയിലാകും.
പെരുന്തേനരുവി ജലവിതരണ പദ്ധതിയിലും പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. നദിയിലെ ചെളിമണ്ണ് നീക്കി വെള്ളം ലഭ്യമാക്കാനുള്ള ജോലി പുരോ​ഗമിക്കുന്നു. മൂന്ന് ദിവസമായി പമ്പിങ്ങില്ല. ജലക്ഷാമം അതിരൂക്ഷമായ നിവധി പ്രദേശങ്ങള്‍ വെച്ചൂച്ചിറ പഞ്ചായത്തിലുണ്ട്. ഏക ആശ്രയം പെരുന്തേനരുവി ജലവിതരണ പദ്ധതിയാണ്. 
ആയിരക്കണക്കിന് കുടുംബങ്ങളാണ് വേനല്‍ക്കാലത്ത് പദ്ധതിയെ ആശ്രയിക്കുന്നത്. പെരുന്തേനരുവി പദ്ധതിയുടെ  അണക്കെട്ടിന്  താഴെയാണ് പമ്പ് ഹൗസും കിണറും. ഇത് കാരണം ഇവിടെ വെള്ളം കിട്ടാന്‍ ഏറെ ബുദ്ധിമുട്ടുന്നു.  ഐത്തല കുടിവെള്ള പദ്ധതിയിലും പമ്പിങ്ങിനാവശ്യമായ വെള്ളം ലഭിക്കുന്നില്ല. ഏതാനും മണിക്കൂറികള്‍ പമ്പിങ് നടത്താനുള്ള വെള്ളം മാത്രമാണ് ലഭിക്കുന്നത്. അങ്ങാടിയിലും സ്ഥിതി ഇതു തന്നെ. ഓരോ വര്‍ഷവും മണല്‍ചാക്കുകളടക്കി തടയണ നിര്‍മിച്ചാണ് പദ്ധതി കിണറിലേക്ക് വെള്ളം ലഭ്യമാക്കുന്നത്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഓരോ പദ്ധതിയിലും ഉള്‍പ്പെട്ടിട്ടുള്ളത്. 
പെരുന്തേനരുവി ജലവൈദ്യുത വകുപ്പിന്റെ ഡാം വേനൽക്കാലത്ത് തുറന്നുവിട്ട് ജലവിതരണ പദ്ധതി പ്രദേശത്ത് ജലലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. വേനൽക്കാലങ്ങളിൽ ജലവൈദ്യുത പദ്ധതിയിൽ ഉൽപാദനം നടക്കില്ല. ഈ കാലയളവിലാണ് ഡാമിലെ വെള്ളം തുറന്നുവിട്ടു കുടിവെള്ള പദ്ധതിക്ക് വെള്ളം ഉറപ്പാക്കുന്നത്. ചമ്പോൺ, ഐത്തല കുടിവെള്ള പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിലും താൽക്കാലിക തടയണ നിർമിച്ച് എല്ലാ വർഷവും ജലലഭ്യത ഉറപ്പാക്കുകയാണ് ചെയ്യുന്നത്. അടിച്ചിപ്പുഴ കുടിവെള്ള പദ്ധതിക്ക് സ്ഥിരമായ തടയണുള്ളത് പ്രയോജനകരമാണ്. കൂടാതെ ജലക്ഷാമം നേരിടുന്ന ഉയർന്ന സ്ഥലങ്ങളിൽ പഞ്ചായത്തിന്റെ ചുമതയിൽ കുടിവെള്ളം എത്തിച്ചു നൽകുകയും ചെയ്യും. ഇത്തരത്തിലാണ് ഇവിടങ്ങളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top