22 February Saturday
നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു

പേപ്പട്ടിയുടെ കടിയേറ്റ്‌ 21 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

 പത്തനംതിട്ട

നഗരത്തിൽ പരാക്രമം നടത്തിയ പേപ്പട്ടി കണ്ണിൽ കണ്ടവരെയെല്ലാം കടിച്ചു. നിരവധി പേർക്ക്‌ കടിയേറ്റു. സ്ത്രീകൾ ഉൾപ്പടെ 21 പേർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി. മൂന്ന് മണിക്കൂറോളം നഗരത്തെ മുൾമുനയിൽ നിർത്തിയ പേപ്പട്ടിയെ പിന്നീട് അബാൻ ജങ്‌ഷനിൽ നാട്ടുകാർ തല്ലിക്കൊന്നു. 
ബുധനാഴ്‌ച പകൽ 11 ഓടെയാണ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ജങ്‌ഷനിൽ പേപ്പട്ടി പോസ്‌റ്റ്‌മാനെ കടിച്ചത്‌. ഇവിടെനിന്ന്‌ അബാൻ ജങ്‌ഷൻവരെ വഴിയാത്രക്കാരെ കടിച്ചു. ആളുകൾ ഭീതിയിലായി. ഇതിനിടെ പഴയ ബസ്‌സ്‌റ്റാൻഡിന്‌ പിന്നിലെ റോഡിലൂടെയും കടന്നു പോയവരെയും കടിച്ചു. 
ദേഹത്തും കൈകാലുകളിലുമാണ് കുടുതലാൾക്കും കടിയേറ്റത്. പലർക്കുംആഴത്തിൽ മുറിവേറ്റിട്ടുണ്ട്. നഗരത്തിൽ  തെരുവ് പട്ടികളെയും പേപ്പട്ടി കടിച്ചിട്ടുണ്ട്. ഇത്‌ ജനത്തെ കൂടുതൽ ഭീതിയിലാഴ്‌ത്തി. ചിലവളർത്തു മൃഗങ്ങൾക്കും പേപ്പട്ടിയുടെ കടിയേറ്റതായി പറയുന്നു.  
പത്തനംതിട്ട ഹെഡ്പോസ്റ്റാഫിസിലെ പോസ്റ്റ്മാൻ തോന്ന്യാമല തടത്തിൽ വീട്ടിൽ ടി എസ് സാന്ദീപ് (26), വള്ളിക്കോട്‌ കോട്ടയം സ്വദേശി സുരേഷ് (40), കുമ്പഴ സ്വദേശി എസ്‌ സുമി  (30), അങ്ങാടിക്കൽ സ്വദേശി ബാലകൃഷ്ണൻ (72), മലയാലപ്പുഴ താഴം റെജി, പന്തളം സ്വദേശി കബീർ (68), കടമ്മനിട്ട സ്വദേശി ജെസി (44), അസം സ്വദേശി  ജാന്തു (25), ഊന്നുകൽ സ്വദേശി ശാന്ത (57),  തമിഴ്‌നാട്‌ സ്വദേശി ദേവൻ(40),   വെട്ടിപ്പുറം സ്വദേശികളായ രാജൻ (40), നാരായണി (52), രാജേഷ് (36), കോഴഞ്ചേരി സ്വദേശി അജിത്ത് (24), വള്ളിക്കോട് ഞക്കുനിലം സ്വദേശി ഗീതു (24), ആറന്മുള സ്വദേശി ചിത്ര (33), തണ്ണിത്തോട് സ്വദേശി ജിജോമോൻ (32), കുലശേഖരപതി സ്വദേശി മീരാൻ (62), എൻജിനിയറിങ് കോളജ് വിദ്യാർഥി ഇളകൊള്ളൂർ സ്വദേശി മിഥുൻകുമാർ (28), മീൻകുഴി സ്വദേശി ജാനകി (55), പ്രമാടം സ്വദേശി ഓമന എന്നിവരാണ്‌ ചികിത്സ തേടിയത്. എല്ലാവർക്കും ആന്റി വൈറസും  മറ്റ്‌ ചികത്സയും നൽകി.  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ എൽ ഷീജ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top