28 November Saturday

കോയിപ്രത്തിന്‌ കളിച്ചുവളരാൻ

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 കുമ്പനാട്‌

കഴിഞ്ഞ ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന അന്നപൂർണാദേവി പ്രതിനിധീകരിച്ച ഡിവിഷനാണ്‌ കോയിപ്രം. അതിന്റെ ഒരു പരിഗണനയും ഡിവിഷന്‌ ലഭിച്ചില്ല. തൊട്ടടുത്ത കോഴഞ്ചേരി ഡിവിഷനിലായിരുന്നു വൈസ്‌ പ്രസിഡന്റ്‌. അദ്ദേഹം താമസിക്കുന്നതും കോയിപ്രം ഡിവഷനിൽ. എന്നിട്ടും ഗുണം മാത്രമുണ്ടായില്ല. ഇരവിപേരൂർ, കോയിപ്രം, പുറമറ്റം പഞ്ചായത്തുകളും എഴുമറ്റൂരിലെ 10 വാർഡുകളും ചേർന്നതാണ്‌ ഡിവിഷൻ. എല്ലാ പ്രദേശങ്ങളെയും പൊതുവേ ബാധിക്കുന്നതാണ്‌ കുടിവെള്ള പ്രശ്‌നം. സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക്‌ മുന്നിൽ കാഴ്‌ചക്കാരായി നിൽക്കുക മാത്രമാണ്‌ ജില്ലാ പഞ്ചായത്ത്‌ ചെയ്‌തത്‌. ഡിവിഷനിൽ ഒരു പൊതു കളിസ്ഥലമെന്നത്‌ കായിക പ്രേമികളുടെ പ്രധാന ആവശ്യമാണ്‌. ജില്ലയിൽ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കുന്ന ഇരവിപേരൂർ സ്‌കൂളിന്‌ സ്‌റ്റേഡിയം ഉണ്ടെങ്കിലും അത്‌ പൊതുജനങ്ങൾക്ക്‌ പ്രയോജനപ്പെടുത്താനാകില്ല. കൊടുമണ്ണിൽ പൂർത്തിയായ സ്‌റ്റേഡിയം മാതൃകയിൽ ഇവിടെയും വേണമെന്ന ആവശ്യം കായിക പ്രേമികൾ ഉയർത്തുന്നുണ്ട്‌. 
കൃഷി പ്രധാന ജീവിത മാർഗമായിരുന്ന ഡിവിഷനിൽ അതിന്റെ വളർച്ച‌ക്ക്‌ ക്രിയാത്മകമായ പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്‌. പമ്പ, മണിമലയാർ നദികൾക്കിടയിലാണീ ഭൂപ്രദേശം. ജലത്തിന്‌ ബുദ്ധിമുട്ടില്ലെങ്കിലും ജലസേചന സൗകര്യം വർദ്ധിപ്പിക്കേണ്ടതുണ്ട്‌. വരട്ടാർ പുനരുജ്ജീവനം ഒരു മഹാ മാതൃകയാണ്‌. അതിനെ പിൻപറ്റി നീർത്തടങ്ങളും ജലസ്രോതസുകളും സംരക്ഷിക്കുകയും മാലിന്യമുക്‌തമാക്കുകയും വേണം. തരിശു നിലങ്ങളിലെ നെൽ കൃഷി വ്യാപകമായിട്ടുണ്ടെങ്കിലും നെല്ല്‌ സംസ്‌കരണത്തിനും വിപണനത്തിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്‌. 
അത്തരം കാര്യങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്നയാളാണ്‌ എൽഡിഎഫ്‌ അവതരിപ്പിക്കുന്ന ജിജി മാത്യു. കർഷകനും കർഷകസംഘം ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗവുമാണ്‌. കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്തംഗം, പുറമറ്റം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ ജനപ്രതിനിധിയായി അദ്ദേഹം തിളങ്ങിയിട്ടുണ്ട്‌. ഇരവിപേരൂർ കാരുണ്യ പാലിയേറ്റീവ്‌ കെയർ സൊസൈറ്റില സെക്രട്ടറി എന്ന നിലയിൽ ജീവകാരുണ്യ രംഗത്തും പ്രവർത്തിക്കുന്നു. പുറമറ്റം കഴിയുഴത്തിൽ കുടുംബാംഗമാണ്‌. കെപിസിസി സെക്രട്ടറി അനീഷ്‌ വരിക്കണ്ണാമലയാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. കെഎസ്‌യുവിലൂടെ പൊതുരംഗത്ത്‌ വന്നു. പുല്ലാട്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റും ഗാന്ധി സേവാഗ്രാം ചെയർമാനുമാണ്‌. 
കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗമായിരുന്ന അജയൻ വല്ല്യുഴത്തിലാണ്‌ ബിജെപി സ്ഥാനാർഥി. കർഷക മോർച്ച ജില്ലാ പ്രസിഡന്റാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top