13 December Friday
ജനീഷ്‌ കുമാറിന്റെ സബ്മിഷൻ

പട്ടയം: നടപടികൾ വേഗത്തിലാക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2019

 ചിറ്റാർ

കോന്നി നിയോജക മണ്ഡലത്തിലെ കുടിയേറ്റ കർഷകർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു.അഡ്വ.കെ യു ജനീഷ്‌ കുമാറിന്റെ സബ്മിഷന്‌ മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോന്നി മണ്ഡലത്തിൽ ചിറ്റാർ, സീതത്തോട്,തണ്ണിത്തോട്,അരുവാപ്പുലം, കലഞ്ഞൂർ, കോന്നിതാഴം വില്ലേജുകളിലായി പതിറ്റാണ്ടുകളായി കുടിയേറി പാർത്ത് കൃഷി ചെയ്തുവരുന്ന അയ്യായിരത്തിലധികം കർഷകർക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്.
1940കളിൽ കുടിയേറിയ കർഷകർക്ക് പോലും  ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമായിട്ടില്ല. ഇതു മൂലം ഏറെ പ്രതിസന്ധികളാണ് അനുഭവിക്കുന്നത്.
ഈ സാഹചര്യം മുതലെടുത്താണ് കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ചിറ്റാറിൽ പട്ടയം എന്ന വ്യാജേന ചില കടലാസുകൾ നൽകി കർഷകരെ വഞ്ചിച്ചിരുന്നു. എന്നാൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷം കുടിയേറ്റ കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. പട്ടയം വിതരണം ചെയ്യാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ് ഇനി ലഭിക്കേണ്ടത്.അതിനുള്ള നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്ക് പട്ടയം വിതരണം ചെയ്യാൻ 12 അംഗ സംഘത്തെ നിയോഗിച്ച് കൈവശങ്ങൾ അളന്ന് ക്രമപെടുത്താൻ നിശ്ചയിച്ചതാണ്.
എന്നാൽ ഈ സംഘത്തിന്റെ പ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത് എന്ന്‌ മനസിലാക്കിയതിനാൽ ജനീഷ് കുമാറിന്റെ ആവശ്യപ്രകാരം മന്ത്രി ഇ ചന്ദ്രശേഖരൻ ഡിസംബർ 19 ന് റിവ്യു മീറ്റിങ്‌ നടത്തി ഇവർക്ക് ആവശ്യമായ വാഹനങ്ങളും മറ്റ്  സൗകര്യങ്ങളും നൽകും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top