13 November Wednesday

മലയോരത്ത്‌ മണ്ണിടിച്ചിൽ ഭീഷണി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ നിലയിൽ

പത്തനംതിട്ട
ജില്ലയിൽ കനത്ത മഴ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടാക്കി. ഞായറാഴ്‌ച ഉച്ചക്കുശേഷം തുടങ്ങിയ മഴ നീണ്ടതോടെ തിങ്കളാഴ്‌ച വിവിധ പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന്‌ ആളുകളെ മാറ്റി പാർപ്പിച്ചു. തിങ്കളാഴ്‌ച 9.7 സെന്റീമീറ്റർ മഴയാണ്‌ ജില്ലയിൽ രേഖപ്പെടുത്തിയത്‌. 
കോന്നി ആനക്കൂടിനു സമീപം പൊന്തനാംകുഴി മുരുപ്പ് ഐഎച്ച്ഡിപി കോളനിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന്‌ 11 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. കോന്നി വിശ്വഭാരതി ട്യൂഷൻ സെന്ററിലേക്കാണ് ഇവരെ മാറ്റിയത്. 11 കുടുംബങ്ങളിലായി 33 പേരുണ്ട്‌. കോളനിക്ക്‌ മുകളിൽ വലിയ പാറക്കല്ലുകളുള്ളത്‌ അപക ടഭീഷണിയാണ്‌. ഇവിടെ ജിയോളജി ടീമിന്റെ നേതൃത്വത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പഠനം നടത്തുമെന്ന്‌ കലക്ടർ പറഞ്ഞു. 
കലഞ്ഞൂർ, കോന്നി, റാന്നി ഭാഗങ്ങളിൽ ജലനിരപ്പുയർന്നു. കലഞ്ഞൂർ വലിയതോട്‌ കരകവിഞ്ഞ്‌ കുറ്റിമൺ കോളനിയിൽ എട്ട് വീടുകളിൽ തിങ്കളാഴ്‌ച പുലർച്ചെ 4.30ന്‌ വെള്ളം കയറി. ഇവിടെ അഞ്ച്‌ കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. പുനലൂർ-–-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വകയാർ, കോട്ടയംമുക്ക്, ഇടത്തറ ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.
ഇലന്തൂർ ശാലേം മാർത്തോമ്മ പള്ളിയുടെ സംരക്ഷണ ഭിത്തി തകർന്ന് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. മണിയാർ, കക്കി, ഡാമുകളിൽ ജലനിരപ്പുയർന്നു. മണിയാറിന്റെ ഒരു ഷട്ടർ തുറന്നിട്ടുണ്ട്. 
മഴയിൽ തിരുവല്ല തിരുമൂലപുരത്ത് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ചുറ്റുമതിലിന്റെ ഒരു ഭാഗമാണ് മഴയിൽ ഇടിഞ്ഞത്. ഹയർസെക്കൻഡറി കെട്ടിടത്തോട് ചേർന്നുള്ള മതിൽ ഇടിഞ്ഞ് തിരുമൂലപുരം–-കറ്റോട് റോഡിലേക്ക് വീഴുകയായിരുന്നു. മതിലിനോട് ചേർന്നുള്ള കിണറും അപകടാവസ്ഥയിലായി.
 
 
പ്രധാന വാർത്തകൾ
 Top