13 November Wednesday
ഇന്ന് ഓറഞ്ച് അലർട്ട്

പമ്പ, കക്കാട്ടാർ ജലനിരപ്പ് ഉയരും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കലഞ്ഞൂരിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ

 പത്തനംതിട്ട

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനം മൂലം സംസ്ഥാനത്ത് തുടരുന്ന മഴ കൂടുതൽ ശക്തിപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   22ന്‌ പത്തനംതിട്ട ജില്ലയിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയരുന്നു. മലയോര മേഖലയിൽ മണ്ണിടിച്ചിലിനും ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. ഇടിയോടു കൂടിയ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, ആരും ആശങ്കപെടേണ്ടതില്ലെന്നും, എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും  കലക്ടർ പി ബി നൂഹ് അറിയിച്ചു.  വൈകുന്നേരങ്ങളിലെ കനത്ത മഴ മൂലം താഴ്ന്ന പ്രദേശങ്ങളിൽ പ്രാദേശിക പ്രളയങ്ങളും മലയോര മേഖലയിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 
മഴ ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ മണിയാർ, ഡാമിലെ  ജലനിരപ്പ്  ക്രമീകരിക്കുന്നതിനായി  ഷട്ടറുകൾ  ഉയർത്തി  അധിക ജലം കക്കാട്ടാറിലേക്ക് ഒഴുക്കി  വിടുന്നുണ്ട്.  ഇതിനാൽ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാൻ സാധ്യത ഉണ്ട്.  പമ്പയുടെയും, കക്കാട്ടാറിന്റെയും തീരത്തുള്ളവർ പ്രത്യേകിച്ച് മണിയാർ, പെരുനാട് , വടശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും, പൊതുജനങ്ങളും ജാഗ്രതാ പാലിക്കുകയും ആവശ്യമായ മുൻകരുതലുകൾ  സ്വീകരിക്കുകയും ചെയ്യണം. ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങുകയോ, മുറിച്ചുകടക്കുകയോ ചെയ്യരുത്. പകൽ രണ്ടു മുതൽ രാത്രി10 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉണ്ട്. ഇതിനാൽ ജനങ്ങൾ  മുൻകരുതൽ സ്വീകരിക്കണം. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഒരു കാരണവശാലും തോടുകളും പുഴയും മുറിച്ചു കടക്കരുത്. മഴ സംബന്ധിച്ച അലർട്ടുകൾ മാധ്യമങ്ങളിൽ ശ്രദ്ധയോടെ നിരീക്ഷിക്കുക. കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനായി ദൃശ്യ ശ്രവ്യ മാധ്യമങ്ങളോ മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും  കലക്ടറുടെയും ഫേസ്ബുക്ക് പേജുകളോ  ശ്രദ്ധിക്കുക.
ജില്ലയിൽ പത്തനംതിട്ട  കലക്ട്രേറ്റിലും, എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാണ്. ജനങ്ങൾക്ക് സഹായത്തിനായി ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം. കലക്ട്രേറ്റ്  0468 2322515/ 0468 2222515/ 8078808915, താലൂക്ക് ഓഫീസ് തിരുവല്ല 0469 2601303, കോഴഞ്ചേരി 04682222221, മല്ലപ്പളളി 0469 2682293, അടൂർ 04734 224826, റാന്നി 04735 227442, കോന്നി 0468 2240087. 
 
 
പ്രധാന വാർത്തകൾ
 Top