22 March Friday
എന്റെ മണിമലയാർ പദ്ധതി

കൊച്ചുതോടിന്റെ വീണ്ടെടുപ്പിന് ആവേശം പകർന്ന് പുഴ പഠന യാത്ര

വെബ് ഡെസ്‌ക്‌Updated: Monday Oct 22, 2018

 കറ്റോട് 

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള എന്റെ മണിമലയാർ പദ്ധതിയുടെ ഭാഗമായ  ജനകീയ കൂട്ടായ്മ കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിന് പുഴ പഠന യാത്ര നടത്തി. തിരുവല്ല നഗരസഭ പ്രദേശത്തെ കറ്റോട് നിന്നുമാണ് യാത്ര ആരംഭിച്ചത്. തലപ്പാല, കല്ലുമൂല ഭാഗങ്ങളിലും ഒഴുക്ക് തടസപ്പെട്ട കൊച്ചുതോടിന്റെ സ്ഥിതി നേരിട്ടു കണ്ട്  കുന്തറക്കടവിൽ യാത്ര സമാപിച്ചു. ഓരോ യാത്രയ്ക്കും തുടർച്ചയായി കണ്ടെത്തുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച് നീർത്തടങ്ങൾ വീണ്ടെടുക്കുന്ന രീതിയാണ് നദീ സംരക്ഷണ പ്രവർത്തനത്തിന്റെ മുഖ്യ ആകർഷണം. പുഴയിലൂടെ പുഞ്ചയിലേക്ക് എന്ന ആശയമാണ് പത്തനംതിട്ടയിൽ നടത്തുന്ന നദീ പുനരുജ്ജീവന പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 
നാലു ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന നാലായിരത്തോളം കിലോമീറ്റർ ദൈർഘ്യമുള്ള നീർത്തടങ്ങൾ വീണ്ടെടുത്താണ് എന്റെ മണിമലയാർ നദീ സംരക്ഷണം പ്രാവർത്തികമാക്കുക. ഗാന്ധിജയന്തി ദിനത്തിൽ കോട്ടയം ജില്ലയിലെ ചിറ്റാർ പുഴയിലും, പിന്നീട് മണിമലയിലെ പള്ളിപ്പടി തോട്ടിലും നടത്തിയ പഠന യാത്രയാണ് കൊച്ചുതോടിനെ വീണ്ടെടുക്കുന്നതിനായി  സംഘടിപ്പിച്ചത്.
 
തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി  ജനകീയ കൂട്ടായ്മ ചെയർമാൻ ഡോ.എൻ ജയരാജ് എംഎൽഎ  ഉദ്ഘാടനം ചെയ്തു.  കോഓർഡിനേറ്റർ എസ് വി സുബിൻ പദ്ധതി വിശദീകരിച്ചു. മണർകാട് സെന്റ്.മേരീസ് കോളജ് പ്രിൻസിപ്പൽ ഡോ.പുന്നൻ കുര്യൻ വെങ്കിടത്ത് മുഖ്യപ്രഭാഷണം നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം കെ ദിനേശ്, മുനിസിപ്പൽ കൗൺസിലർമാരായ ജയശ്രീ മുരിക്കനാട്ട്, സണ്ണി മനക്കൽ, കവിയൂർ ഗ്രാമപഞ്ചായത്തംഗം ജോസഫ് ജോൺ എന്നിവർ സംസാരിച്ചു. പാടശേഖര സമിതി ഭാരവാഹികളായ രാജേഷ് കാടമുറി, അഡ്വ.രഘുക്കുട്ടൻപിള്ള, രതീഷ് പാലിയിൽ, മധുസൂദനൻ പിള്ള മുരിക്കനാട്ട്, ലിറ്റിഏബ്രഹാം, വി ഇ വറുഗീസ്, രാജശേഖരൻപിള്ള എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. കർഷകരും പ്രദേശവാസികളും പങ്കെടുത്ത യാത്ര കുന്തറക്കടവിൽ സമാപിച്ചു. തുടർന്ന് അവലോകന യോഗം ചേർന്നു. തോടുകളുടെ ബണ്ട് മുറിഞ്ഞതും മരങ്ങൾ വീണ് കിടക്കുന്നതും ഓരോ പുഞ്ചയിലേക്കും വെള്ളം കയറ്റുന്നതിനുള്ള ഷട്ടർ സ്ഥാപിക്കുന്നതും ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങൾ നാട്ടുകാർ അവതരിപ്പിച്ചു. 
 
ഈ സീസണിൽ തന്നെ നെൽ കൃഷി ആരംഭിക്കുന്നതിന് തടസമായി നിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്  23ന‌്ഉച്ചകഴിഞ്ഞ് മൂന്നിന‌്ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കർഷകരും പങ്കെടുക്കുന്ന യോഗം കവിയൂർ എടക്കാട് സ്‌കൂളിൽ ചേരുന്നതിന് തീരുമാനിച്ചു. കിഴക്കൻമുത്തൂർ, കാക്കതുരുത്ത്, കുന്തറ, വിഴൽ, തലപ്പാല, കല്ലുമൂല ഭാഗങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ആറു കി.മീ  ദൈർഘ്യമുള്ള  കൊച്ചുതോട് നവീകരണം  ഏറ്റെടുക്കും. തിരുവല്ല കവിയൂർ പഞ്ചായത്തുകളെ വേർതിരിക്കുന്നതും, മണിമലയാറിന്റെ പ്രധാന കൈവഴിയും, കറ്റോട് എത്തിച്ചേരുന്നതുമായ കവിയൂർ വലിയ തോട്ടിൽ നിന്ന് ആരംഭിക്കുന്ന കൊച്ചുതോടിന്റെ വീണ്ടെടുപ്പാണ് നടത്തിയ പുഴ പഠന യാത്രയുടെ ലക്ഷ്യം.  തിരുവല്ല മുനിസിപ്പാലിറ്റിയിൽ കൂടി മാത്രം കടന്നു പോകുന്ന തോട് വീണ്ടെടുത്താൽ കവിയൂർ പുഞ്ചയുടെ പകുതി പാടശേഖരങ്ങളിലേക്കും വെള്ളമെത്തിക്കാം. കൂടാതെ മാലിന്യത്തെ അകറ്റാം. ഈ തോടാണ് പുഞ്ചയുടെ വിവിധ ദിക്കുകളിലേക്ക് പോകുന്നത്. 
കാൽ നൂറ്റാണ്ടായി തരിശ് കിടക്കുന്ന കവിയൂർ പുഞ്ചയിൽ ആകെ 1400 ഏക്കർ സ്ഥലമുണ്ട്. ഇതിൽ കൃഷിക്ക് യോഗ്യമായി 1300 ഏക്കർ സ്ഥലമുണ്ട്. കവിയൂർ വലിയ തോടിനെ വീണ്ടെടുക്കാൻ ഒന്നിച്ചത് അഞ്ചു 
തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, തിരുവല്ല നഗരസഭ, കവിയൂർ, കുന്നന്താനം ഗ്രാമ പഞ്ചായത്തുകൾ എന്നിവ ചേർന്ന് വകയിരുത്തിയ 43.5 ലക്ഷം രൂപയുടെ പ്രവൃത്തി ഉടൻ പൂർത്തിയാവും. ഇതിനു പുറമേ തിരുവല്ല നഗരസഭ 10 ലക്ഷം രൂപ കുറ്റപ്പുഴ തോടിന്റെ വീണ്ടെടുപ്പിനായി  വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവൃത്തി ഉടൻ തുടങ്ങും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top