20 November Wednesday

ബാബുരാജിനിത്‌ രണ്ടാം ജന്മം

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

 അടൂർ 

അറിയാതെ തൂവിപ്പോയ കണ്ണീർ തുടച്ചു കൊണ്ട്‌ ബാബുരാജ്‌ പറഞ്ഞു,  ‘ഇത്‌ എന്റെ ജീവിതത്തിലെ ധന്യ മുഹൂർത്തമാണ്‌’. പതിനഞ്ച്‌ വർഷമായി കിടക്കയെ അഭയം പ്രാപിച്ചിരിക്കുന്ന ബാബുരാജ്‌ തന്റെ പിറന്നാൾ ആഘോഷിക്കണമെന്ന്‌ പറഞ്ഞപ്പോൾ സാന്ത്വന പരിചരണ പ്രവർത്തകർ അതിനുള്ള സൗകര്യം ഒരുക്കികൊടുക്കുകയായിരുന്നു. തന്റെ യൗവനവും ജീവിതവും രോഗം തകർത്തുകളഞ്ഞപ്പോൾ എല്ലാം നഷ്ടമായെന്നു കരുതി ആകെ തകർന്നുപോയ ഈ ചെറുപ്പക്കാരന്‌ കൈത്താങ്ങായി ഇന്ന്‌ പാലിയേറ്റീവ്‌ പ്രവർത്തകരുണ്ട്‌.
പള്ളിക്കൽ പഞ്ചായത്ത്‌ പെരിങ്ങനാട് വടക്ക് ഒമ്പതാം വാർഡ്‌  ഉദയഗിരി ബാബുരാജ് എന്ന ചെറുപ്പക്കാരൻ മൾട്ടിപ്പിൾ സെലറോസിസ്‌ എന്ന രോഗം  ബാധിച്ച്‌ 15 വർഷമായി കിടപ്പിലാണ്‌. 
മൂപ്പതാമത്തെ വയസിലാണ്‌ രോഗം പിടിപെടുന്നത്‌. ഇപ്പോൾ 45 വയസുണ്ട്‌. സ്വന്തമായി കിടപ്പാടം പോലും ഇല്ല. ബിരുദ വിദ്യാർഥിയായ  മകളും ഭാര്യയും അമ്മയും അടങ്ങിയതാണ്‌ കുടുംബം. ഭാര്യ ജോലിക്ക് പോയി കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ്‌ കഴിയുന്നത്‌. രണ്ടു വർഷമായി മദർ തെരേസാ പാലിയേറ്റിവ് പ്രവർത്തകർ വീട്ടിലെത്തി പരിചരിക്കുന്നുണ്ട്‌. ഭക്ഷണക്കിറ്റും മറ്റ്‌ അനുബന്ധ കാര്യങ്ങളും അവർ നൽകുന്നു. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായമായി 30,000 രൂപ വാങ്ങി കൊടുക്കാൻ സാന്ത്വന പരിചരണ പ്രവർത്തകർക്കായി. വാർഡ് മെമ്പർ വഴി ലൈഫ്‌മിഷൻ  പദ്ധതിയിൽ വീടിനുള്ള ലിസ്റ്റ് ആയിട്ടുണ്ട്‌. സാന്ത്വന പരിചരണ പ്രവർത്തകരുടെ കൈത്താങ്ങ്‌ ബാബുരാജിനെ ഇപ്പോൾ ജീവിതത്തിലേക്ക്‌ മടക്കി കൊണ്ടു വരികയാണ്‌. സത്യത്തിൽ ഒരു രണ്ടാം ജന്മമെന്ന്‌ പറയാം. ആരൊക്കെയൊ തനിക്ക്‌ താങ്ങായി, തണലായി ഉണ്ടെന്ന തോന്നൽ. മദർ തെരേസാ പാലിയേറ്റിവ് സൊസൈറ്റി അടൂരിൽ കിടപ്പു രോഗി സംഗമം നടത്തിയപ്പോൾ പ്രവർത്തകർ ആംബുലൻസിലാണ്‌ ബാബുരാജിനെ അവിടെ എത്തിച്ചത്‌. ദീർഘനാളുകൾക്ക്‌ ശേഷം  അന്നാണ് ബാബുരാജ്‌ പുറം ലോകം കാണുന്നത്.  സാന്ത്വന പരിചരണ പ്രവർത്തകർക്കൊപ്പം  പുറത്തിറങ്ങിയപ്പോൾ ആത്മധൈര്യം വന്നെന്ന് അവൻ പറഞ്ഞു. കഴിഞ്ഞ മാസം പിറന്നാൾ ആഘോഷിക്കണമെന്ന് ബാബുരാജ്‌ തന്നെ പറഞ്ഞപ്പോൾ  സോണൽ ഭാരവാഹികളായ അഖിൽ, മെമ്പർ മധുസൂദനൻ പിള്ള തുടങ്ങിയവരെല്ലാം ചേർന്നാണ്‌  അതിനുള്ള ഒരുക്കങ്ങൾ നടത്തിയത്‌. ഇതുപോലെ എത്രയെത്ര ജീവിതങ്ങളെയാണ്‌ മഹത്തായ സേവനമായ സാന്ത്വന പരിചരണത്തിലൂടെ ജീവിതത്തിലേക്ക്‌ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുന്നത്‌. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top