22 August Thursday

2 ദുരിതാശ്വാസ ക്യാമ്പ് തുറന്നു; മഞ്ഞ അലർട്ട് 23 വരെ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പ് കലക്ടർ പി ബി നൂഹ് സന്ദർശിക്കുന്നു

 പത്തനംതിട്ട    

ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. തിരുവല്ല താലൂക്കിലെ തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലും, മല്ലപ്പള്ളി താലൂക്കിലെ വെണ്ണിക്കുളം സെന്റ് ബെഹനാൻസ് എൽപി സ്‌കൂളിലുമാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. രണ്ടു ക്യാമ്പുകളിലായി 18 കുടുംബങ്ങളിലെ 67 പേരെ പാർപ്പിച്ചിട്ടുണ്ട‌്. 
തിരുവല്ല കുറ്റപ്പുഴ വില്ലേജിലെ തിരുമൂലപുരം ഞവനാക്കുഴി കോളനിയിലെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ‌് കോളനി നിവാസികളെ തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ക്യാമ്പിലേക്കു മാറ്റിയത‌്. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതി കലക്ടർ പി ബി നൂഹ് വിലയിരുത്തി. തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസിലെ ദുരിതാശ്വാസ ക്യാമ്പ്  കലക്ടർ സന്ദർശിച്ചു. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ,  സ്ഥിരംസമിതി അധ്യക്ഷൻ ബിജു ലങ്കാഗിരി, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. 
തീവ്രത നേരിയ തോതിൽ കുറഞ്ഞെങ്കിലും ജിലയിൽ മഴ തുടരുന്നു. മഞ്ഞ അലർട്ട് 23 വരെ തുടരും. മഴയിൽ അടൂർ താലൂക്കിലെ കടമ്പനാട് വില്ലേജിൽ മൂന്നു വീടുകൾക്കും പള്ളിക്കൽ വില്ലേജിലെ ഒരു വീടിനും കോഴഞ്ചേരി താലൂക്കിൽ മതിൽ തകർന്ന് രണ്ടു വീടിനും  റാന്നി പെരുനാട് വില്ലേജിൽ ഒരു വീടിനും ഭാഗിക നാശനഷ്ടമുണ്ടായി. 
പമ്പ നദിയിലും കക്കാട്ട് ആറ്റിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ  ഇവ മുറിച്ചു കടക്കുന്നത് ഒഴിവാക്കണം. കുട്ടികളെ വെള്ളക്കെട്ടിൽ ഇറങ്ങാൻ അനുവദിക്കരുത്. 
നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജില്ലാ കൺട്രോൾ റൂമിലും താലൂക്ക് കൺട്രോൾ റൂമുകളിലും അധികമായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. എല്ലാ തഹസിൽദാർമാർക്കും  സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ നിർദേശം നൽകി. കലക്ടറേറ്റിലും എല്ലാ താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. ഫോൺ: കലക്ടറേറ്റ്-  0468 2322515/ 0468 2222515/ 8078808915, താലൂക്ക്ഓഫീസ്- തിരുവല്ല 0469 2601303, കോഴഞ്ചേരി- 04682222221, മല്ലപ്പളളി- 0469 2682293, അടൂർ- 04734 224826, റാന്നി- 04735 227442, കോന്നി- 0468 2240087.
 
 
പ്രധാന വാർത്തകൾ
 Top