25 August Sunday

കൂനംകരയിൽ മാലിന്യ സംസ‌്കരണ പ്ലാന്റിന‌് റോഡ് വെട്ടിയത് നാട്ടുകാർ തടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

 ചിറ്റാർ

നാട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ പെരുനാട് പഞ്ചായത്ത് അധികൃതർ കൂനംകരയിൽ നിർമാണം ആരംഭിക്കുന്ന മാലിന്യ സംസ‌്കരണ കേന്ദ്രത്തിലേക്ക് പുതിയ റോഡ് വെട്ടാൻ ശ്രമിച്ചത് നാട്ടുകാരും സിപിഐ എം പ്രവർത്തകരും ചേർന്ന് തടഞ്ഞു.
വെള്ളിയാഴ്‌ച രാവിലെയാണ് പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി, വൈസ് പ്രസിഡന്റ് ജിജു ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡ് വെട്ടാൻ ആരംഭിച്ചത്.
വിവരമറിഞ്ഞ് നാട്ടുകാർ സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ്, ലോക്കൽ കമ്മിറ്റി അംഗം പി എം ഷാജി എന്നിവരുടെ നേതൃത്വത്തിൽ കൂനംകരയിൽ എത്തി.
മനുഷ്യവിസർജ്യം ഉൾപ്പെടെ ടൺ കണക്കിന് മാലിന്യം കൂനംകരയിൽ ജനവാസ കേന്ദ്രത്തിന് സമീപം നിർമിക്കുന്ന പ്ലാന്റിൽ എത്തിക്കാനാണ് ഭരണസമിതി നീക്കം നടത്തുന്നത്.
ഹാരിസൺ മലയാളം പ്ലാന്റേഷൻ ദീർഘകാലമായി കൈവശം വച്ചിരുന്ന രണ്ട‌് ഏക്കർ 40 സെന്റ് ഭൂമിയിലാണ് പഞ്ചായത്ത് പ്ലാന്റ് നിർമിക്കാൻ ഒരുങ്ങുന്നത്. മുൻ എൽഡിഎഫ് ഭരണസമിതിയാണ് കമ്പനിയിൽ നിന്ന‌് ഈ ഭൂമി പിടിച്ചെടുത്തത്. നിലവിൽ റവന്യു ഉടമസ്ഥതയിലുള്ള ഭൂമിയാണിത്.
20 കോടി രൂപ ചെലവിൽ ശബരിമല പാതയോരത്ത് മാലിന്യ പ്ലാന്റ്  പണിയരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം ഈ ഭൂമിയിൽ കൊടികുത്തിയിട്ടുണ്ട‌്. കഴിഞ്ഞ 19 ന് പഞ്ചായത്ത് ഓഫീസ് പിടക്കലേക്ക് പ്രതിക്ഷേധ മാർച്ചും നടത്തിയിരുന്നു.
സമരം ചെയ്യുന്ന ബഹുജനങ്ങളെ വെല്ലുവിളിച്ച് റവന്യുഭൂമിയിൽ മാലിന്യ പ്ലാന്റ് നിർമിക്കാൻ  റോഡ‌് വെട്ടി കൈയ്യേറ്റം നടത്തിയ പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് എന്നിവർക്കെതിരെ കേസ് എടുക്കണമെന്ന് സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് ആവശ്യപ്പെട്ടു. 
അതോടൊപ്പം ജനവാസകേന്ദ്രത്തിൽനിന്ന‌് മാറി ഖരമാലിന്യം സംസ‌്‌കരിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്തണമെന്നും നേതാക്കൾ ആവശ്യപ്പട്ടു.
 
 
പ്രധാന വാർത്തകൾ
 Top