റാന്നി
ജില്ലയിലെ 6362 കൈവശ കർഷകർക്കാണ് സെപ്തംബറോടുകൂടി പട്ടയം ലഭിക്കുക. കർഷകർക്ക് പട്ടയം ലഭിക്കുന്നതിനായി ഇടപെട്ടഎൽഡിഎഫ് സർക്കാരിന്റെ വിജയം കൂടിയാണ് ഇത്. പട്ടയം ലഭിക്കുന്നതിൽ 90 ശതമാനം കുടുംബങ്ങളും റാന്നി ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ളവരാണ്. ഈ പട്ടയവിതരണം നടക്കുന്നതോടെ സംസ്ഥാനം കണ്ട ഏറ്റവും വലിയ പട്ടയമേളയായി ഇത് മാറും. 4700 ഏക്കർ ഭൂമിക്കാണ് പട്ടയം നൽകുക. റാന്നിയിൽ 1977 ജനുവരി ഒന്നിന് മുമ്പ് കൈവശപ്പെടുത്തി കൃഷി ചെയ്യുന്ന കോന്നിയിലെ 300ലധികം കുടുംബങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. 1991-ൽ ഇതിന്റെ സർവേ നടപടികൾ കഴിഞ്ഞിരുന്നു.
കൈവശ കർഷകർക്ക് പട്ടയം ലഭിക്കുന്നതിന് നിരന്തരം പോരാടിയത് മാറിമാറിവന്ന എൽഡിഎഫ് സർക്കാരുകളാണ്. ഓരോ പ്രാവശ്യവും എൽഡിഎഫ് സർക്കാർ നടപടികളുമായി മുന്നോട്ടു പോവുമെങ്കിലും മാറിവരുന്ന യുഡിഎഫ് സർക്കാർ ഇതിനെ സംബന്ധിച്ച് ഒരു ചെറുവിരലനക്കാൻ പോലും തയ്യാറായിട്ടില്ല. യുഡിഎഫ് കാലത്ത് അടൂർ പ്രകാശ് റവന്യൂ മന്ത്രി ആയിരുന്നിട്ടു പോലും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഇത്തവണ എൽഡിഎഫ് സർക്കാർ തുടർച്ചയായി അധികാരത്തിൽ വന്നതാണ് ഇവർക്ക് പട്ടയവിതരണം എളുപ്പമാക്കാൻ സാധിച്ചത്.
ആറ് മാസം മുമ്പ് കേന്ദ്രസംഘം, കലക്ടർ, എംഎൽഎമാർ എന്നിവർ സംയുക്തമായി സ്ഥല സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പട്ടയങ്ങൾ സംബന്ധിച്ച് അവസാന വട്ട വ്യക്തത ആവശ്യപെട്ടിരിക്കുകയാണ്. ഇത് നൽകി ഒരു മാസത്തിനകം പട്ടയ പ്രശ്നത്തിന് പരിഹാരമാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..