04 July Saturday

കടുവയെ കാണാനില്ല; ഭീതിയകലുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

 റാന്നി

കടുവാ പേടിയിൽ നിന്നും മോചിതരായി മലയോരമേഖല. നാല്‌ ദിവസമായി കടുവയെ നാട്ടിൻ പുറത്ത് ആരും കണ്ടതായി വാർത്ത ഇല്ലാതായതോടെയാണ് ഗ്രാമീണ വാസികളുടെ ഭീതിയകന്നു തുടങ്ങിയത്. ശബരിമല വനാതിർത്തിയോട് ചേർന്നുള്ള റാന്നിയുടെ കിഴക്കൻ മലയോര മേഖലകളാണ് കഴിഞ്ഞ ഒരാഴ്ചയിലധികമായി ഭീതിയിലമർന്നത്. ഈ മാസം 11ന് വെളുപ്പിനാണ്  മണിയാറിൽ പശുക്കിടാവിനെ കൊന്നത്. നേരത്തെ തണ്ണിത്തോട്ടിൽ ടാപ്പിങ്‌ തൊഴിലാളിയെ കൊന്ന കടുവ തന്നെയാണ് ഇതെന്ന് കാൽപ്പാട് പരിശോധനയിൽ ഉറപ്പാക്കി. പിറ്റേദിവസം ചമ്പോണിൽ  ഒരു ടാപ്പിങ്‌ തൊഴിലാളിയാണ് വെളുപ്പിന് കടുവയെ കണ്ടത്. 13ന് രാവിലെ പേഴുംപാറ രമാഭായി കോളനി ഭാഗത്ത് കടുവയെ കണ്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ഈ മേഖലയുടെ ഓരോ ഭാഗത്തും കടുവയെ കണ്ടതായി ഓരോരുത്തർ അവകാശപ്പെട്ടതോടെ ജനം ഭീതിയിലായി. വനപാലകരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞ ഞായറാഴ്ച 120ലധികം വനപാലകർ ഒത്തുചേർന്ന് 14 കിലോമീറ്റർ ദൂരമുള്ള ഭാഗം തരംതിരിച്ച് വ്യാപക തെരച്ചിൽ നടത്തി. ഒടുവിൽ കടുവ കാട്ടിലേക്ക് തന്നെ പോയിരിക്കാം എന്ന അനുമാനിക്കുകയായിരുന്നു. എങ്കിലും ജനങ്ങളുടെ ഭീതിയകന്നിരുന്നില്ല. കടുവ നാട്ടിൽ തന്നെയുണ്ട് എന്ന് മിക്കവരും വിശ്വസിച്ചു. പിന്നീട്   വാർത്ത വരാതായതോടെയാണ് ഭീതിയകന്നു തുടങ്ങിയത്.
 
കണ്ണും നട്ട് വനപാലകർ
ചിറ്റാർ
നരഭോജി കടുവക്കായ് ജനവാസ മേഖലകളോട്‌ ചേർന്ന കാടുകളിൽ രാപകലില്ലാതെ ക്യാമറയുമായി അവർ ഉണർന്നിരിക്കുന്നു.പെരിയാർ ടൈഗർ റിസർവിൽ നിന്നും എത്തിയ ജീവനക്കാരാണവർ. തണ്ണിത്തോട് മേടപ്പാറയിൽ  തൊഴിലാളിയെ കൊന്ന കടുവ മണിയാർ,പേഴുംപാറ എന്നിവിടങ്ങളിൽ വന്ന് മറഞ്ഞിട്ട് രണ്ടാഴ്‌ചയാകുന്നു.ഇപ്പോൾ എവിടെയുണ്ടെന്ന് ആർക്കുമറിയില്ല.വനം വകുപ്പ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറയിലും പതിഞ്ഞിട്ടില്ല. 48 ക്യാമറയാണ്  സ്ഥാപിച്ചത്. കൂടുകളിൽ തീറ്റയൊരുക്കി കാത്തിരുന്നിട്ടും കെണിയിലായതുമില്ല. മുന്നിൽ കണ്ടാൽ വെടിയുതിർക്കാൻ പ്രത്യേക ടീമിനെയാണ് നിയോഗിച്ചതെങ്കിലും  കടുവയെ കിട്ടിയില്ല.
 
 
പ്രധാന വാർത്തകൾ
 Top