05 April Sunday
വേനൽ കടുത്തു

കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

 റാന്നി

വനമേഖലയിൽ വെള്ളവും ഭക്ഷ്യവസ്തുക്കളും കുറഞ്ഞതിനാൽ കൂടുതൽ കാട്ടുമൃഗങ്ങൾ കാടുവിട്ട്  നാട്ടിലേക്ക് ഇറങ്ങാൻ തുടങ്ങി.  കാട്ടുമൃഗങ്ങളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർക്ക് അത്‌ കൂനിന്മേൽ കുരുവായി. ആന, കുരങ്ങ്, പന്നി തുടങ്ങിയ മൃഗങ്ങളെ കൊണ്ടാണ് ഏറ്റവും വലിയ ശല്യം. ഇവ കാർഷിക വിളകൾ അപ്പാടെ അകത്താക്കും. മാവ്, കേഴ എന്നിവയും കൃഷി നശിപ്പിക്കുന്നുണ്ട്. 
ആനയിറങ്ങിയാൽ ചെറിയ തെങ്ങ് ഉൾപ്പെടെ ഒടിച്ച് തിന്നും.മാങ്ങ ,ചക്ക,  വാഴക്കുല എന്നിവയെല്ലാം അവയുടെ ഇഷ്ടഭക്ഷണങ്ങളാണ്. മുന്നിൽ കാണുന്ന വീടും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും ഒക്കെ തകർത്തിട്ടാകും തിരിച്ചു പോക്ക്. കാട്ടുപന്നികൾ കൃഷി മുഴുവൻ തിന്നും.കുരങ്ങന്മാർ പകലാണ് ഇറങ്ങുന്നത്. തേങ്ങയും കപ്പയും വാഴക്കുലയുമാണിവർക്ക് പ്രിയം. വീടുകളിൽ കയറി ഭക്ഷണവും എടുത്തു തിന്നാറുണ്ട്.  മനുഷ്യരുടെ നേരെയും ആക്രമണം നടത്താറുണ്ട്.
ഇടകടത്തി കൊന്നക്കൽ ലീലാമ്മ ജോണിന്റെ വീട് കഴിഞ്ഞ ദിവസം രാത്രി ഒറ്റയാൻ അടിച്ചുതകർത്തു. രണ്ട് ദിവസം മുൻപാണ് മോതിര വയലിൽ വീട്ടുമുറ്റത്ത് നിന്ന കുളത്തിങ്കൽ സോമരാജനെ പട്ടാപ്പകൽ ആക്രമിച്ചത്. കഴിഞ്ഞവർഷം തെക്കേപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. 
വിലയിടിവു മൂലം ടാപ്പിംങ്‌ നിർത്തിയതിനാൽ റബർ തോട്ടങ്ങളിലെ പൊന്തക്കാടുകൾ കാട്ടുപന്നിയ്ക്ക് പെറ്റു പെരുകാനുള്ള ഇടമായി. -വടശ്ശേരിക്കര, കോഴഞ്ചേരി, പ്ലാങ്കമൺ- തടിയൂർ, പേരൂച്ചാൽ‌- തടിയൂർ, -വലിയകാവ്, വലിയകുളം,  ചിറ്റാർ, ചെത്തോങ്കര -അത്തിക്കയം  പാതകളെല്ലാം  രാത്രികാലങ്ങളിൽ പന്നികളെ കൂട്ടമായി കാണാൻ കഴിയും. ശല്യം ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാനുളള  പദ്ധതി നടപ്പായില്ല. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top