16 June Sunday

കേരള സംരക്ഷണ യാത്ര ജില്ലയിലെ പര്യടനം പൂർത്തിയാക്കി

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019

കോന്നിയിലെ സ്വീകരണ യോഗത്തിൽ കോടിയേരി ബാലകൃഷ്‌ണൻ സംസാരിക്കുന്നു

 പത്തനംതിട്ട

ജില്ലയുടെ സമതലങ്ങൾ ആവേശത്തിമിർപ്പിലായിരുന്നു കഴിഞ്ഞ രണ്ട് നാൾ. ഇന്നലെകൾ പൊരുതി നേടിയ സാമൂഹ്യ മാറ്റം, തെല്ലിട ചോരാതെ ഭാവിയുടെ നല്ല നാളെകളിലേക്കായും കാത്ത് സംരക്ഷിക്കണം. അതാണ് ‘കേരള സംരക്ഷണ യാത്ര' കടന്നു പോയ വഴികൾ വിളിച്ചു പറഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിച്ച ജാഥയ്ക്ക് നാനാ വിഭാഗത്തിന്റെയും ഐക്യദാർഡ്യത്തോടെ ജില്ലയിൽ വരവേൽപ്പ‌് നൽകി കടത്തിവിട്ടു.
 കപട ദേശീയത തിരിച്ചറിഞ്ഞ് തള്ളിക്കളയേണ്ടത് തന്നെയാണ്-–- സ്വീകരണ കേന്ദ്രങ്ങളിൽ ആർത്തിരമ്പിയെത്തിയ ജനസഞ്ചയം പ്രസ്താവിച്ചു. മതവും ജാതിയും വിശ്വാസവും ആചാരവും ഇവയൊന്നുമല്ല, നാടിനോടുള്ള പ്രതിബദ്ധതയും കടമയുമാണ് രാഷ്ട്രീയ പരിശുദ്ധിയെ സമ്പൂർണമാക്കുന്നതെന്ന് ജനം ഇടതുപക്ഷത്തോട് സമ്മതിക്കുകയാണ്. ജന വിരുദ്ധത സമ്മാനിച്ച രാജ്യഭരണത്തെ തറപറ്റിക്കണം, വർഗീയതയെ ചെറുക്കണം, കേരളം ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളെ സംരക്ഷിക്കണം, വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ ജില്ലയുടെ അധോഗതിക്ക് മാറ്റമുണ്ടാകണം–-- സ്വീകരണ വീഥികൾ അവർത്തിച്ചു കൊണ്ടേയിരുന്നു.
 ‎  ബുധനാഴ്ച അടൂർ, പത്തനംതിട്ട മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ജാഥ വ്യാഴാഴ്ച കോന്നിയിൽ നിന്നാണ് സ്വീകരണ പരിപാടി തുടങ്ങിയത്. കോന്നി കണ്ടതിലെ ഏറ്റവും വലിയ ജനസഞ്ചയം. പൊരിവെയിൽ എവിടെയും ആൾക്കൂട്ടത്തെ തടസപ്പെടുത്തിയില്ല. കോന്നി ചന്ത മൈതാനിയിൽ രാവിലെ  ഒമ്പതു മുതൽ അബാലവൃദ്ധം ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു . സ്ത്രീകളുടെ വൻ പങ്കാളിത്തം ശ്രദ്ധേയം. റോഡിലും സമീപത്തെ കെട്ടിടത്തിനു മുകളിലുമെല്ലാം സ്വീകരിക്കാനെത്തിയവരുടെ നിര. നിയോജക മണ്ഡലം അതിർത്തിയായ കുമ്പഴ പാലത്തിനു സമീപത്തുനിന്ന‌ാണ‌്‌ ഇരുചക്രവാഹനറാലിയുടെ അകമ്പടിയോടെ എതിരേറ്റത‌്. ബസ്സ്റ്റാൻഡിൽ നിന്ന് മുത്തുക്കുടയേന്തിയ സ്ത്രീകളും മുദ്രാവാക്യം വിളിയുടെ ആരവത്തിന്റെ അകമ്പടിയുമായി യോഗ കേന്ദ്രത്തിലേക്ക‌്. കോടിയേരി പ്രസംഗിച്ചു തുടങ്ങുമ്പോൾ ജാഥ അംഗങ്ങളായ കെ പ്രകാശ് ബാബു, പി സതീദേവി, അഡ്വ. ബിജിലി ജോസഫ്, പി കെ രാജൻ, യു ബാബു ഗോപിനാഥ്, ഡീക്കൻ തോമസ് കയ്യത്ര, ഡോ. വർഗീസ് ജോർജ്, കാസിം ഇരിക്കൂർ, ആന്റണി രാജൂ, പി എം മാത്യൂ എന്നിവരെ പരിചയപ്പെടുത്തും.
  കോന്നിയിലെ സ്വീകരണ കേന്ദ്രത്തിൽ  സിപിഐ മണ്ഡലം സെക്രട്ടറി പി ആർ ഗോപിനാഥ് അധ്യക്ഷനായി. എൽഡിഎഫ് മണ്ഡലം കൺവീനർ പി ജെ അജയകുമാർ സ്വാഗതം പറഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ അനന്തഗോപൻ, ആർ ഉണ്ണികൃഷ്ണപിള്ള, സിപിഐ ജില്ലാ സെക്രട്ടറി എ പി ജയൻ, സിപിഐ എം കോന്നി ഏരിയ സെക്രട്ടറി സി ജി ദിനേശ്, പ്രൊഫ. കെ മോഹൻകുമാർ, അഡ്വ. കെ യു ജനീഷ് കുമാർ, ആർ തുളസീധരൻ പിള്ള, സോമൻ പാമ്പായിക്കോട്, കരിമ്പനാക്കുഴി ശിധരൻ നായർ, രാജു നെടുവമ്പുറം, എബ്രഹാം ചെങ്ങറ, എം പി മണിയമ്മ എന്നിവർ വേദിയിൽ.
 ഉച്ചയൂണിന‌് ശേഷം ജാഥ റാന്നിയിലേക്ക‌്. സമയം നാല‌് മണി. നൂറുകണക്കിന‌് വിദ്യാർഥികൾ അണിനിരന്ന എസ‌്എഫ‌്ഐ പ്രവർത്തകരുടെ അനുഭാവ പ്രകടനം. സ്വീകരണ വേദി ആവേശത്തിമിർപ്പിലായി. ബസ‌് സ‌്റ്റാൻഡിലും റോഡിലുമെല്ലാം കൂടിനിന്നവർ സ്വീകരണ കേന്ദ്രത്തിലേക്ക‌് ഓടിയെത്തുന്നു. യോഗം ആരംഭിച്ചു. രാജു ഏബ്രഹാം എംഎൽഎ അധ്യക്ഷൻ. എൽഡിഎഫ് കൺവീനർ എം വി വിദ്യാധരൻ സ്വാഗതം  പറഞ്ഞു. കെ ജെ ഹരികുമാർ, എസ് ഹരിദാസ്, പിഎസ് മോഹനൻ, കോമളം അനിരുദ്ധൻ, പി ആർ പ്രസാദ്,  മനോജ് ചരളേൽ,  അഡ്വ. ബേബിച്ചൻ വെച്ചൂച്ചിറ,  ഫാ മാത്യൂസ് വാഴക്കുന്നം, ഡി സജി , ജോ എണ്ണക്കാട്ട്,  പാപ്പച്ചൻ കൊച്ചുമേപ്രത്ത്, രജീവ് താമരപ്പള്ളിൽ, ബിനു തെള്ളിയിൽ എന്നീ എൽഡിഎഫ‌് നേതാക്കളുടെ സാന്നിധ്യം. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ റാന്നി പഞ്ചായത്ത‌് പുതുശേരിമല വാർഡിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച എൽഡിഎഫ‌് അംഗം സുധാകുമാരിയെ കോടിയേരി ആദരിച്ചു. പിന്നീട‌് ജാഥ വാഴക്കുന്നം –- കോഴഞ്ചേരി വഴി തിരുവല്ലയിലേക്ക‌്.
  തിരുവല്ലയിൽ വൻ ജനാവലി സാക്ഷി. പതാകയും പ്രചാരണ സാമഗ്രികളും പേറിയ ഇരുചക്ര വാഹന വ്യൂഹം തോട്ടഭാഗത്ത‌് നിന്ന‌് എതിരേറ്റു.  വൈഎംസിഎ ജങ്ഷനിൽ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ, അഡ്വ. ആർ സനൽകുമാർ, മാത്യു ടി തോമസ് എംഎൽഎ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിന് എൽഡിഎഫ് പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. തുറന്ന ജീപ്പിൽ സമ്മേളന വേദിയിലേക്ക്. വരവേൽപ്പി‌ലേറെയും സ‌്ത്രീകൾ.
  മുനിസിപ്പൽ മൈതാനിയിലെ സ്വീകരണ സമ്മേളനത്തിൽ മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷൻ. സംഘാടകസമിതി ജനറൽ കൺവീനർ അഡ്വ. ആർ സനൽകുമാർ സ്വാഗതം പറഞ്ഞു. ജാഥ അംഗങ്ങളെ കൂടാതെ എൽഡിഎഫ് ജില്ലാ കൺവീനർ അലക്സ് കണ്ണമല, സിപിഐ എം ജില്ലാ സെക്രട്ടറി കെ  പി ഉദയാഭാനു, രാജു ഏബ്രഹാം എംഎൽഎ,, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി, അഡ്വ. ബിനു വർഗീസ്, അഡ്വ. കെ പ്രകാശ്ബാബു, പ്രൊഫ. ടി കെ ജി നായർ,  എ പി ജയൻ, രജീഷ്‌കുമാർ, അലക്സാണ്ടർ കെ ശാമുവേൽ, ബാബു പറയത്തുകാട്ടിൽ എന്നിവർ വേദിയിൽ.
 ദേശീയ സ്കൂൾ മീറ്റിൽ മൂന്നു മെഡലുകൾ നേടിയ കേരള ടീം നായകൻ അനന്തു വിജയനെയും പരിശീലകൻ അനീഷ് തോമസിനെയും കോടിയേരി ആദരിച്ചു. ബിജെപി വിട്ട് സിപിഐ എമ്മിൽ ചേർന്ന യുവമോർച്ച ജില്ലാ പ്രസിഡന്റ് സിബി തോട്ടത്തിലിനെ കോടിയേരി ഹാരമണിയിച്ച് സ്വീകരിച്ചു.
എൽഡിഎഫ‌് നേതാക്കൾ ജാഥയെ അടുത്ത സ്വീകരണ കേന്ദ്രമായ മാന്നാറിലേക്ക‌് കടത്തിവിട്ടു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top