പത്തനംതിട്ട
ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) അമ്പതിനോടടുക്കുന്നു. ഏതാനും മാസങ്ങൾക്ക് ശേഷമാണ് നിരക്ക് അമ്പതിനോടടുക്കുന്നത്. വെള്ളിയാഴ്ച 42 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്. ദിവസവും പരിശോധിക്കുന്നവരിൽ 42 ശതമാനം കോവിഡ് രോഗബാധിതരാണെന്ന് തെളിയുന്നു.
രണ്ടാഴ്ച മുമ്പ് വരെ പത്തു ശതമാനത്തോളം മാത്രമായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. കൂടുതൽ നിയന്ത്രണങ്ങൾ ജില്ലയിൽ നടപ്പാക്കുന്നതിനെ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെയും യോഗം ശനിയാഴ്ച ചേരും. ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും നേരിയ വർധനയുണ്ടായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ ആശങ്കപ്പെടടേണ്ട സാഹചര്യമില്ലെന്നും എല്ലാ ചികിത്സാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നിലവിലെ രണ്ടു പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലും രോഗികൾ കുറവാണ്. സർക്കാർ ആശുപത്രികൾക്ക് പുറമെ ജില്ലയിലെ ഒമ്പതു സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികൾക്കായി ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ കൺട്രോൾ റും സജ്ജീകരിച്ചിട്ടുണ്ട്. മരുന്നിനോ, ഓക്സിജൻ അടക്കമുള്ള സംവിധാനങ്ങൾക്കോ ജില്ലയിൽ ക്ഷാമം ഇല്ലെന്നും അധികൃതർ അറിയിച്ചു. ഒന്നാം തരംഗ സമയത്ത് എല്ലാ പിഎച്ച്സികളിലും കോവിഡ് ബ്രിഗേഡ് വിഭാഗത്തിൽ ധാരാളം വളന്റിയർമാർ പ്രവർത്തിച്ചിരുന്നു. സംസ്ഥാന സർക്കാർ മുൻകൈയെടുത്താണ് ആ സംവിധാനം രൂപപ്പെടുത്തിയത്. സന്നദ്ധ പ്രവർത്തകർക്ക് കേന്ദ്രഫണ്ടിൽ നിന്നും സഹായവും നൽകി. എന്നാൽ കേന്ദ്ര സർക്കാർ പിന്നീട് ഫണ്ട് നൽകുന്നത് നിർത്തി. ഇതിനെ തുടർന്ന് കോവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം ഇടയ്ക്ക് വച്ച് നിർത്തേണ്ടി വന്നു. എന്നാൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സന്നദ്ധപ്രവർത്തകരുടെ സഹായം തേടാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..