27 May Monday

പ്രളയബാധിതർക്ക് ആശ്വാസമായി റീസർജന്റ് കേരള ലോൺ സ്‌കീം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

പ്രളയത്തിൽ മുങ്ങിയ കുമ്പഴ ഇരുപതാംവാർഡിലെ വീടുകൾ (ഫയൽ ചിത്രം)

 പത്തനംതിട്ട

പ്രളയബാധിതർക്കായി സർക്കാർ ആവിഷ്‌കരിച്ച റീസർജന്റ് കേരളാലോൺ സ്‌കീം ആശ്വാസമാകുന്നു. വീട്ടുപകരണങ്ങൾ, ജീവനോപാധികൾ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചവർക്ക് അത് ലഭ്യമാക്കാനും പ്രളയത്തിൽ വീടുകൾക്ക് ഉണ്ടായ ചെറിയ അറ്റകുറ്റപണികൾ നിർവഹിക്കുന്നതിനും വേണ്ടി സർക്കാർ കുടുംബശ്രീ വഴി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ പദ്ധതിയാണ് റീസർജന്റ് കേരള ലോൺ സ്‌കീം. ഒരു ലക്ഷം രൂപ വരെയാണ് പലിശരഹിത വായ്പയായി ഇത് വഴി ലഭിക്കുക. ഇതുവരെ 615 അയൽക്കൂട്ടങ്ങൾ വഴി 4943 പേർക്കാണ് തുക ലഭിച്ചത്. 40 കോടി 83 ലക്ഷം രൂപ നിലവിൽ വിതരണം ചെയ്ത് കഴിഞ്ഞു. വായ്പ ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് അയൽക്കൂട്ടങ്ങളിൽ നിന്നും ആദ്യം ഘട്ടം മുതൽ സിഡിഎസുകൾക്ക് ലഭിച്ചത്. വായ്പയുടെ ഒമ്പത് ശതമാനം വരെയുള്ള പലിശ സർക്കാരാണ് വഹിക്കുന്നത്. 36 മുതൽ 48 മാസം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി. 
ജില്ലയിലെ 1969 അയൽക്കൂട്ടങ്ങളെയായിരുന്നു പ്രളയക്കെടുതി ബാധിച്ചത്. സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ ആശ്വാസ ധനസഹായമായ 10000 രൂപയ്ക്ക് അർഹരായ പ്രകൃതിക്ഷോഭബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗമായ കുടുംബനാഥയ്ക്ക് ആണ് വായ്പയ്ക്ക് അർഹതയുണ്ടായിരുന്നത്. എന്നാൽ,കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്ക് അവരുടെ തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിൽ അംഗമായ ശേഷം വായ്പയ്ക്ക് അപേക്ഷിക്കാനുള്ള അവസരവുമുണ്ടായിരുന്നു. മാരാമൺ, നെടുമ്പ്രം, കോയിപ്രം സർവീസ് സഹകരണ ബാങ്കുകൾ, അയിരൂർ, പുറമറ്റം, വടശേരിക്കര, പെരുനാട്, കോന്നി എന്നിവിടങ്ങളിൽ ജില്ലാ സഹകരണ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് പുറമറ്റം, വടശേരിക്കര ഫെഡറൽ ബാങ്ക് എന്നീ ബാങ്കുകളിലൂടെയാണ് വായ്പ വിതരണം നടത്തിയത്. 2018 ഡിസംബർ 31 വരെയായിരുന്നു വായ്പയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധിയെങ്കിലും അപേക്ഷകരുടെ എണ്ണം പരിഗണിച്ച് ജനുവരി 31 വരെ കാലാവധി നീട്ടിയിട്ടുണ്ട്. 
 
പ്രധാന വാർത്തകൾ
 Top