18 November Monday

ആശ്വാസം താങ്ങുവില മാത്രം, രക്ഷയാകാതെ റബർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 കോന്നി

മുമ്പ് വീടിന്റെ മുറ്റത്ത്‌ റബർഷീറ്റുകൾ നിര നിരയായി കിടക്കുന്നത് കണ്ടാൽ തോന്നുന്ന അഭിമാനമൊക്കെ പഴങ്കഥയായി. അന്ന് അഭിമാനിക്കാൻ കിലോയ്ക്ക് 200 രൂപ കിട്ടിയിരുന്നു. ആർഎസ്എസ് നാലിന് ഇന്ന് കിട്ടുന്നത് 116 രൂപയാണ്. ഇത്‌ കടലാസിൽ. കർഷകന് ലഭിക്കുന്നത്‌ 114 മാത്രം. ഒട്ടുപാലിന് കിലോയ്ക്ക് 66 ഉം. റബർ കർഷകനെ സംബന്ധിച്ച് ഒരു തരത്തിലും മുന്നോട്ടു പോകാൻ കഴിയാത്ത നിലയിലാണിന്ന് വില.
രാജ്യം ഭരിച്ച കോൺഗ്രസ്, ബിജെപി സർക്കാരുകൾ നടപ്പാക്കിയ തലതിരിഞ്ഞ നയങ്ങളാണ് കർഷകരെ ഈ നിലയിലെത്തിച്ചത്.ഇന്ന് 114 രൂപ കിട്ടുന്ന ഒരു കിലോ റബർ സംസ്‌കരിച്ച് എടുക്കാൻ കുറഞ്ഞത് 15 രൂപ ചെലവ് വരും. ഒരു മരത്തിന് രണ്ടു രൂപ കൂലിയിനത്തിൽ ടാപ്പിങ് തൊഴിലാളിക്ക് വേറെ നൽകുകയും വേണം.കൂടാതെ രണ്ട്‌ തവണയുള്ള വളപ്രയോഗവും കളയെടുപ്പും ഈ ചെലവുകൾ കൂടി കഴിഞ്ഞാൽ കർഷകന് പിന്നീട്‌ ഒന്നും മിച്ചമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങൾ എത്തിയിരിയ്ക്കുന്നത്. മഴക്കാലത്ത് റയിൻ ഗാർഡ് ചെയ്ത് ടാപ്പിങ് ചെയ്യിച്ചിരുന്ന കർഷകർ അതും ഉപേക്ഷിച്ചു.
ഒരു മരം റയ്ൻഗാർഡ് ചെയ്യാൻ മാത്രം 25 രൂപ ചെലവുവരും.
റബറിനെ തകർത്തത്‌ ബിജെപിയും കോൺഗ്രസും 
ഇന്ന് റബ്ബർ കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ഉത്തരവാദികൾ കേന്ദ്രം ഭരിച്ചിരുന്ന ബിജെപിയും കോൺഗ്രസുമാണ്.
ആസിയൻ കരാർ എന്ന സ്വതന്ത്രവ്യാപാരക്കരാറാണ് റബർ മേഖലയുടെ ദുരിതത്തിന്‌ കാരണം. 2003ൽ വാജ്‌പേയ്‌ സർക്കാർ കരാറിന്റെ കരടിൽ ഒപ്പുവച്ചു. 2010ൽ മൻമോഹൻ സിങ്ങിന്റെ കാലത്ത് കോൺഗ്രസ് കരാർ നടപ്പാക്കി റബർ കർഷകന്റെ നട്ടെല്ലൊടിച്ചു.കരാർ പ്രകാരം കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ ഇറക്കുമതി ചുങ്കം പൂർണമായി എടുത്തുകളഞ്ഞു. കേരളത്തേക്കാൾ ഉയർന്ന ഉൽപ്പാദനശേഷിയും കുറഞ്ഞ ഉൽപ്പാദന ചെലവുമുള്ള ആസിയൻ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചുങ്കം ഇല്ലാതെ റബർ ഇന്ത്യയിലേക്ക് ഒഴുകി തുടങ്ങി.
താങ്ങുവില കർഷകന് ആശ്വാസം 
റബർ കർഷകന് കേന്ദ്രസർക്കാർ ഒരു സഹായവും നൽകാതിരിക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ നടപടികൾ ആശ്വാസമാകുന്നു.
സർക്കാർ 150 രൂപ താങ്ങുവില പ്രഖ്യാപിച്ച് കർഷകർക്ക് ആശ്വാസമരുളുകയാണ്. രജിസ്റ്റർ ചെയ്ത കർഷകർക്ക് നിലവിൽ റബർ വിൽക്കുമ്പോൾ താങ്ങുവിലയേക്കാൾ കുറവാണ് ലഭിക്കുന്നതെങ്കിൽ അതിന്റെ ബില്ല് സമർപ്പിക്കുന്ന മുറയ്ക്ക് സബ്സിഡി കർഷകന്റെ അക്കൗണ്ടിൽ എത്തിക്കുന്നു.
 
 
പ്രധാന വാർത്തകൾ
 Top